'ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും പുലി'; വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍
കോട്ടയം : എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇന്നും പുലിയെ കണ്ടെന്ന് നാട്ടുകാർ. നടുപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന മുളയ്‌ക്കൽ സ്വദേശിനി ബെറ്റിയാണ് പുലിയെ കണ്ടത്. രാവിലെ ഉറക്കം ഉണർന്ന് പുറത്തിറങ്ങിയ ബെറ്റി വീടിന് 50 മീറ്റർ അകലെ റബ്ബർ തോട്ടത്തിൽ പുലിയെ കാണുകയായിരുന്നു.
പുലിയെ കണ്ട ഭീതിയിൽ നിലവിളിച്ച് കൊണ്ട് ബെറ്റി ഓടുകയും സമീപത്ത മരത്തിൽ തട്ടി വീഴുകയും ചെയ്‌തു. വീട്ടമ്മയുടെ നിലവിളി ശബ്‌ദം കേട്ട് പുലി ഓടിമറയുകയായിരുന്നു. കനകപ്പലം വനമേഖലക്ക് ഒരു കിലോമീറ്റർ അകലെയാണ് പുലിയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിന് പിന്നാലെ വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിന് സമീപം കാരിത്തോട്ടിൽ കഴിഞ്ഞ ദിവസവും പുലിയെ കണ്ടിരുന്നു. അതേസമയം വനംവകുപ്പ് അധികൃതർ ഇക്കാര്യത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്. രണ്ട് ദിവസം പുലിയെ കണ്ടെന്ന് അറിയിച്ചിട്ടും കാട്ടുപൂച്ചയോ മറ്റ് മൃഗങ്ങളോ ആകാമെന്ന നിലപാടിലാണ് വനംവകുപ്പെന്നും നാട്ടുകാർ ആരോപിക്കുന്നു.
ALSO READ:പുലിയിറങ്ങിയ തുലാപ്പള്ളി വട്ടപ്പാറയില്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്