Viral video | വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കടുവ; ബഹളംവച്ചതോടെ ജീപ്പ് പിറകോട്ടെടുത്ത് ഡ്രൈവര്‍ - ജിം കോര്‍ബറ്റ് ദേശീയോദ്യാനം
ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്):ദേശീയോദ്യാനത്തില്‍ ജംഗിള്‍ സഫാരിക്കെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുത്ത് കടുവ. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ജംഗിള്‍ സഫാരി വാഹനത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവം ഇങ്ങനെ: ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ സുശന്ത നന്ദയാണ് സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'വരയന്‍ പ്രകോപിതനാണ്. ഓരോ സമയത്തും തന്‍റെ വീട്ടിലേക്ക് ഇടിച്ചുകയറിവരുന്ന ആളുകളോട് നിങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക?'- എന്ന അടിക്കുറിപ്പോടെയാണ് നന്ദ ഈ വീഡിയോ പങ്കുവച്ചത്. വനമേഖലയിലൂടെ കടന്നുപോകുന്ന സഫാരി വാഹനത്തിന് നേരെ കടുവ പാഞ്ഞടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം വാഹനത്തിലെ യാത്രക്കാര്‍ അലറിവിളിക്കുന്നതും കാണാം. എന്നാല്‍ അപകടം മനസിലാക്കി ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കടുവ മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവര്‍ വാഹനം പിന്നെയും മുന്നോട്ടെടുത്ത് പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്.
നടപടിയുമായി വനംവകുപ്പ്:കടുവയെ രോഷാകുലനാക്കിയത് ഡ്രൈവറുടെ നടപടിയാണെന്നറിയിച്ച് രാംനഗർ ഫോറസ്‌റ്റ് ഡിവിഷനിലെ ഡിഎഫ്ഒ കുന്ദൻ കുമാർ രംഗത്തെത്തി. ടെഡ ഗേറ്റിൽ നിന്ന് സീതാബനി സോണിൽ ജംഗിൾ സഫാരിക്ക് പോകുമ്പോഴാണ് റോഡരികില്‍ കടുവ നില്‍ക്കുന്നതായി കാണുന്നത്. കടുവയെ കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതോടെ രോഷാകുലനായ കടുവ വാഹനത്തിന് നേരെ പാഞ്ഞെടുക്കുകയും ആക്രമിക്കാന്‍ തുനിയുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികളുടെ നിലവിളി കേട്ട് ഡ്രൈവർ വാഹനം പിന്നോട്ടെടുത്തുവെന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഡ്രൈവര്‍ കടുവയെ പ്രകോപിപിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് വാഹന ഡ്രൈവർക്കും ഉടമയ്‌ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും മാത്രമല്ല ടൂറിസ്‌റ്റ് മേഖലയില്‍ പ്രസ്‌തുത വാഹനത്തേയും ഡ്രൈവറേയും എന്നെന്നേക്കുമായി നിരോധിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.