തൃശ്ശൂര്‍ പുത്തൂരിൽ വീടിന് നേരെ യുവാവിന്‍റെ ആക്രമണം: ബൈക്ക് നശിപ്പിച്ചു, കോഴിയെ കുത്തി പരിക്കേൽപ്പിച്ചു, ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ് - തൃശ്ശൂര്‍ ജില്ലാ വാർത്തകൾ
Published : Dec 26, 2023, 7:11 PM IST
തൃശ്ശൂര്‍: പുത്തൂർ എരവിമംഗലത്ത് വീടിന് നേരെ ആക്രമണം. എരവിമംഗലം സ്വദേശി ഷാജുവിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടില്‍ ആളില്ലാത്ത നേരത്തായിരുന്നു സംഭവം. ലഹരി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് വീടിന്‍റെ മുന്നിൽ വെച്ചിരുന്ന സാധനങ്ങൾ വാരി വലിച്ചിട്ടു. വീട്ടിലുണ്ടായിരുന്ന ഫിഷ് ടാങ്കിൽ മണ്ണ് വാരിയിട്ടു. പ്രാവിൻ കൂട് പൊളിച്ച് പ്രാവുകളെ തുറന്ന് വിട്ടു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കും നശിപ്പിച്ചിട്ടുണ്ട്. ഇതിനിടെ യുവാവ് വീട് കുത്തി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ ഗ്യാസ് കുറ്റി എടുത്ത് വലിച്ചെറിയുകയും മുറ്റത്തെ ചെടി ചട്ടികള്‍ തകർക്കുകയും ചെയ്‌തു. കൂടാതെ വീട്ടിലെ വളർത്ത് കോഴിയേയും കുത്തി പരിക്കേൽപ്പിച്ചു. ബഹളം കേട്ട് അയൽവാസി എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ വീട്ടുടമ ഷാജു പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഒല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെക്കുറിച്ച് അറിയില്ലെന്നാണ് വീട്ടുടമ പൊലീസിന് നല്‍കിയ മൊഴി, ഇയാളുമായി മുന്‍ പരിചയമോ മുന്‍ വൈരാഗ്യമോ ഇല്ലെന്നും വീട്ടുടമ പറഞ്ഞു.