'വന്ദേ ഭാരതും കെ റെയിലും മാനത്ത്'; തൃശൂർ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
തൃശൂര്‍:മാനത്ത് ശബ്‌ദ- വര്‍ണ വിസ്‌മയം തീര്‍ക്കാനൊരുങ്ങി തിരുവമ്പാടിയും പറമേക്കാവും. തൃശൂര്‍ പൂരത്തിന്‍റെ മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകിട്ട് ഏഴ് മണിയോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തുക. പിന്നാലെ പാറമേക്കാവും. ഞായറാഴ്‌ചയാണ് (30.04.23) വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം.
എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വെടിക്കെട്ടില്‍ വ്യത്യസ്‌ത പരീക്ഷണങ്ങള്‍ നടത്താനിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. വ്യത്യസ്‌തയിനം വെടിക്കോപ്പുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വന്ദേ ഭാരതും കെ റെയിലുമടക്കം ഇത്തവണ മാനത്ത് തെളിയുമെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചു. പൂര ദിനത്തില്‍ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മുന്നോടിയായി നടത്തുന്ന സാമ്പിള്‍ വെടിക്കെട്ടിനും കാഴ്‌ചക്കാര്‍ ഏറെയാണ്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടൂതല്‍ പേര്‍ക്ക് സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ടിനായുള്ള മുഴുവന്‍ സജീകരണങ്ങളും ഒരുങ്ങി കഴിഞ്ഞു. വിവിധ വര്‍ണത്തിലുള്ള നിലയമിട്ടുകളാണ് തൃശൂര്‍ പൂരത്തിനുണ്ടാകുന്ന വെട്ടിക്കെട്ടിലെ മുഖ്യ ആകര്‍ഷണം.
പരമ്പരാഗത നിയമിട്ടുകള്‍, സൂര്യകാന്തി, റെഡ് ലീഫ്, ഫ്‌ളാഷ്, ബഹുവര്‍ണ അമിട്ടുകള്‍ എന്നിവയെല്ലാം അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അമിട്ടുകള്‍ മാനത്ത് വിസ്‌മയം തീര്‍ക്കുമ്പോള്‍ അതിന് മാറ്റു കൂട്ടുന്നതിനായി കുഴിമിന്നി, ഓലപ്പടക്കം, ഗുണ്ട് എന്നിവയുമുണ്ടാകും. തൃശൂര്‍ പൂരത്തിന്‍റെ മനോഹര കാഴ്‌ചകളാണ് വെടിക്കെട്ട്, പകല്‍പൂരം, പൂരം വെടിക്കെട്ട് എന്നിവ. ഇതിനെല്ലാം കൂടി 2000 കിലോ വീതം കരിമരുന്ന് പൊട്ടിക്കാന്‍ ജില്ല ഭരണകൂടം അനുമതി നല്‍കി.
ചമയ പ്രദര്‍ശനങ്ങള്‍ക്കും ഇന്ന് തുടക്കം: തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദര്‍ശനവും ഇന്ന് നടക്കും. രാവിലെ പത്ത് മണിക്കാണ് ചമയ പ്രദര്‍ശനം. ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രയും ഇന്നുണ്ടാകും.