തൃശൂര്‍ പൂരത്തിരക്കിലേയ്ക്ക് ; പാറമേക്കാവിന്‍റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം മണികണ്‌ഠനാലില്‍ നടന്നു - Thrissur pooram news
തൃശൂര്‍ പൂരത്തിരക്കിലേയ്ക്ക്.പാറമേക്കാവ് വിഭാഗത്തിന്‍റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം ബുധനാഴ്‌ച മണികണ്‌ഠനാലില്‍ നടന്നു. ഭൂമി പൂജയ്ക്ക് ശേഷമാണ് ദേശക്കാര്‍ കാല്‍നാട്ടിയത്. തിരുവമ്പാടി വിഭാഗം പതിനാറിന് നടുവിലാലിലും, നായ്ക്കനാലിലും പന്തലിന്‍റെ കാല്‍നാട്ടും.
ദേശക്കാരൊന്നായിട്ടാണ് മണികണ്‌ഠനാലില്‍ പന്തലിന് കാല്‍നാട്ടിയത്. പാറമേക്കാവില്‍ ഇക്കുറി പന്തലൊരുക്കുന്നത് ആറാട്ടുപുഴ കൃഷ്‌ണന്‍ ആണ്. 95 അടിയാണ് പന്തലിന്‍റെ ഉയരം. എൽഇഡിയുടെ ഭംഗി നിറഞ്ഞുതുളുമ്പുന്ന ആകാശ ഗോപുരമായിരിക്കും പണി തീരുമ്പോൾ. പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മത്തോടെയാണ് തൃശൂര്‍ പൂരത്തിലേക്ക് കടക്കുന്നത്. ഈ മാസം 30ന് ഞായറാഴ്‌ചയാണ് തൃശൂർ പൂരം, മെയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.
കൂടുതല്‍ പേര്‍ക്ക് വെടിക്കെട്ട് കാണാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യമുയര്‍ന്നതോടെ തേക്കിന്‍കാട് മൈതാനിയില്‍ ദൂരപരിധി അളക്കുന്ന നടപടി പെസോയുടെ നേതൃത്വത്തില്‍ തുടങ്ങി. തൃശൂർ പൂരത്തിന് വമ്പൻ വെടിക്കെട്ട് നടത്തിയിട്ടും ഇത് കാണാൻ ആളുകൾക്ക് സൗകര്യമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമതും ദൂരപരിധി അളക്കാൻ തീരുമാനിച്ചത്. സ്വരാജ് റൗണ്ടിലെ ഔട്ടര്‍ ഫുട്ട്പാത്തിലെങ്കിലും നിന്ന് ആളുകള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ ഉന്നതതല അനുമതി ലഭിച്ചാൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാനാകൂ.