കേരളം

kerala

പ്രതിഷേധം അവസാനിപ്പിച്ച് തൃക്കണ്ണാട്ടെ മത്സ്യത്തൊഴിലാളികള്‍

ETV Bharat / videos

Thrikkannad protest| 'കടലിന് സംരക്ഷണ ഭിത്തി നിര്‍മിക്കു'മെന്ന് കലക്‌ടറുടെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് തൃക്കണ്ണാട്ടെ മത്സ്യത്തൊഴിലാളികള്‍ - കാസർകോട് കലക്‌ടര്‍ ഇമ്പശേഖര്‍

By

Published : Jul 25, 2023, 7:57 PM IST

കാസർകോട്:തൃക്കണ്ണാട്ടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് ജില്ല കലക്‌ടറുടെ ഉറപ്പ്. വൈകിട്ട് മത്സ്യത്തൊഴിലാളികളുമായുണ്ടായ ചര്‍ച്ചയിലാണ് പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കലക്‌ടര്‍ ഇമ്പശേഖര്‍ ഉറപ്പ് നല്‍കിയത്. കടലിന് സംരക്ഷണ ഭിത്തി നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് കലക്‌ടര്‍ പറഞ്ഞു. 

കടല്‍ ക്ഷോഭം തടയാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്‌ടര്‍ ഇമ്പശേഖര്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ കലക്‌ടറുടെ ഉറപ്പ് ലഭിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.  

ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ കടലേറ്റം രൂക്ഷമായ സാഹചാര്യത്തില്‍ ഇന്ന് (ജൂലൈ 25) രാവിലെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയത്. കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വള്ളം ഇറക്കിയാണ് സംഘം പ്രതിഷേധിച്ചത്. പ്രതിഷേധം ഒരു മണിക്കൂര്‍ നീണ്ടു നിന്നതോടെ പൊലീസെത്തി തൊഴിലാളികളെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ജില്ല കലക്‌ടര്‍ സ്ഥലത്തെത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു തൊഴിലാളികള്‍.     

ദുരിതം തീരാതെ തൃക്കണ്ണാട്:ജില്ലയില്‍ തുടരുന്ന കനത്ത മഴയില്‍ തൃക്കണ്ണാട് മേഖലയില്‍ വന്‍ നാശ നഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൃക്കണ്ണാട് തുടരുന്ന ശക്തമായ കടലേറ്റത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. മത്സ്യത്തൊഴിലാളികളുടേത് അടക്കം നിരവധി പേരുടെ വീടുകള്‍ കടലെടുത്തു. തൃക്കണ്ണാട് കടലേറ്റം തടയാനായി നിര്‍മിച്ച ജിയോബാഗുകളിലേറെയും കടല്‍ കവര്‍ന്നു. ദുരിതങ്ങളെ തുടര്‍ന്ന് നിരവധി തവണ ജനങ്ങള്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.  

ABOUT THE AUTHOR

...view details