തെരുവുനായ്‌ക്കള്‍ പിന്നാലെ ഓടി, നിയന്ത്രണം വിട്ട സ്‌കൂട്ടർ കാറിലിടിച്ച് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക് ; നടുക്കുന്ന ദൃശ്യം - ബ്രഹാംപൂർ
ബ്രഹ്മപൂർ : തെരുവ് നായകളുടെ ആക്രമണം ഭയന്ന് സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്‌ടമായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറി കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്. ഒഡിഷയിലെ ഗഞ്ചമിലെ ബ്രഹ്മപൂര്‍ നഗരത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്. സഹോദരിമാരായ സുപ്രിയ, സസ്‌മിത എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കുട്ടിയ്‌ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്‌ച (03.03.2023) നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബ്രഹ്മപൂര്‍ നഗരത്തിലെ ഗാന്ധിനഗർ സ്വദേശികളായ സഹോദരിമാര്‍ കുട്ടിയുമായി നിലഗകേശ്വർ ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെയാണ് അപകടം. ഈ സമയത്താണ് ഒരു കൂട്ടം തെരുവുനായ്‌ക്കള്‍ ഇവരുടെ സ്‌കൂട്ടറിന് പിന്നാലെ കൂടിയത്. നായകൾ കടിക്കാനായി ഒരുപാട് ദൂരം പിറകിലോടി വന്നതോടെ സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇതിനിടെ ഇവർ നായകളെ തുരത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. 5 നായകളാണ് ഇവരുടെ വാഹനത്തിന് പിറകെ ഓടിയെത്തിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്ന് പേരും നിസാര പരിക്കുകളുമായി രക്ഷപ്പെട്ടു. ആക്രമണകാരികളായ തെരുവുനായ്‌ക്കളുടെ ശല്യം വർധിക്കുന്നതിനാൽ അധികൃതര്‍ പ്രശ്‌നത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അപകടത്തിൽ പരിക്കേറ്റ സഹോദരിമാർ ആവശ്യപ്പെട്ടു.