വളാഞ്ചേരിയില്‍ ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് 3 മരണം - Three die after lorry plunge into gorge
മലപ്പുറം:വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് മരണം. ലോറി ഉടമയുടെ മകനും ഡ്രൈവറും അടക്കം മൂന്നുപേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും സവാളയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
തമിഴ്‌നാട്ടില്‍ നിന്നും സവാള ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് വലിയ ഒരു താഴ്‌ചയിലേക്കാണ് മറിഞ്ഞത്. മുപ്പത് അടി താഴ്‌ചയിലേക്ക് തല കുത്തനെ മറിയുകയായിരുന്നു ലോറി. മരിച്ച മൂന്ന് പേര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ശരത്(28), ലോറി ഡ്രൈവർ ഉണ്ണികൃഷ്‌ണൻ(55), ലോറി ഉടമയുടെ മകൻ ചാലക്കുടി സ്വദേശി അരുൺ (28)എന്നിവരാണ് മരിച്ചത്. ചാലക്കുടി സ്വദേശി ജോർജിൻ്റെ ലോറി കരാർ അടിസ്ഥാനത്തിൽ ഓടുന്നതാണ്.
അപകടത്തില്‍ പെട്ട ലോറിയുടെ കാബിനിൽ മൂന്ന് പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാവിലെ 6.15 ഓടുകൂടിയാണ് അപകടം നടന്നത്. ലോറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്ന ഇവരെ പുറത്തെടുക്കാന്‍ മണിക്കൂറുകള്‍ എടുത്തു. വളവിലെ സുരക്ഷ ഭിത്തിയില്‍ ഇടിച്ചാണ് ലോറി മറിയുന്നത്.