Thiruvonathoni Journey തിരുവോണ വിഭവങ്ങളുമായി തിരുവോണത്തോണി പാര്‍ത്ഥസാരഥി നടയിലേക്ക്; യാത്ര പമ്പയിൽ ദീപാവലയം തീർത്ത് - തോണി
Published : Aug 28, 2023, 10:48 PM IST
പത്തനംതിട്ട: പമ്പയിൽ (River Pamba) ദീപാവലയം തീർത്ത് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള (Aranmula Parthasarathy Temple) തിരുവോണ വിഭവങ്ങളുമായി കോഴഞ്ചേരി കാട്ടൂരില്‍ നിന്ന് തിരുവോണത്തോണി (Thiruvonathoni) യാത്ര തിരിച്ചു. തിരുവോണനാളില്‍ പുലര്‍ച്ചെ തോണി ആറന്മുള (Aranmula) ക്ഷേത്രക്കടവിലെത്തും. ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ തോണിയാത്ര പരമ്പരാഗത അനുഷ്‌ഠാനമാണ്. ഇക്കുറി കോട്ടയം കുമാരനെല്ലൂര്‍ മങ്ങാട്ട് ഇല്ലത്തെ എം.ആര്‍ രവീന്ദ്രബാബു ഭട്ടതിരിയാണ് തോണിയിലേറിയത്. കാട്ടൂര്‍ ക്ഷേത്രക്കടവില്‍ നിന്ന് തിങ്കളാഴ്‌ച (28.08.2023) വൈകുന്നേരം 6.10 ഓടെയാണ് തിരുവോണത്തോണി പുറപ്പെട്ടത്. കാട്ടൂരില്‍ നിന്നുള്ള ഓണ വിഭവങ്ങളുമായി തിരുവോണത്തോണിയില്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ നേതൃത്വത്തിലാണ് തോണി ഷേത്രത്തിലേക്ക് പുറപ്പെട്ടത്. കോട്ടയം കുമാരനെല്ലൂരില്‍ താമസിക്കുന്ന ഭട്ടതിരി ചുരുളൻ വള്ളത്തിൽ പമ്പ നദിയിലൂടെ യാത്ര ചെയ്‌ത് തിങ്കളാഴ്‌ച ഉച്ചയോടെയാണ് കാട്ടൂരിലെത്തിയത്. തുടര്‍ന്ന് ആചാരപ്രകാരമുള്ള ആറന്മുള പള്ളിയോടങ്ങളുടെ അകമ്പടിയിലാണ് തോണി ആറന്മുളയിലേക്ക് പുറപ്പെട്ടത്. തിരുവോണ ദിവസം പുലര്‍ച്ചെ ആറന്മുള ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദീപം ആറന്മുളയിലെ കെടാവിളക്കിലേക്ക് പകരും. തോണിയിൽ എത്തിച്ച വിഭവങ്ങൾ ഭഗവാന് സമർപ്പിക്കും. ക്ഷേത്രത്തിൽ നിന്നും ഭട്ടതിരി തിരുവോണ സദ്യ ഉണ്ണും. അത്താഴപൂജയും കഴിഞ്ഞ് പണക്കിഴിയും സമര്‍പ്പിച്ച ശേഷം ഭട്ടതിരി കരമാര്‍ഗമാകും തിരികെ കുമാരനെല്ലൂരിലേക്ക് മടങ്ങുക. അതേസമയം വള്ളംകളി കൂടി നടക്കേണ്ട സാഹചര്യത്തിൽ പമ്പ നദിയിൽ ജലനിരപ്പ് കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.