എഐ ക്യാമറ വിവാദം: സർക്കാരിന്‍റെ അന്വേഷണം വെറും പ്രഹസനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - ഉമ്മൻചാണ്ടി
കോട്ടയം:എഐ ക്യാമറ വിവാദത്തിലെ അന്വേഷണം പ്രഹസനമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കീഴുദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിച്ചാൽ സത്യം പുറത്തുവരില്ല. സമഗ്രമായി അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കാടും പടലവും തല്ലി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 40 ലക്ഷം രൂപയ്‌ക്ക് ക്യാമറ വാങ്ങിയെന്ന മന്ത്രി പി രാജീവിന്‍റെ ആരോപണത്തിനും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മറുപടി നൽകി. പത്തുവർഷം മുമ്പ് ക്യാമറ വാങ്ങിയതിൽ അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കട്ടെ. എല്ലാം സർക്കാർ സമഗ്രമായി അന്വേഷിക്കണം. ഇപ്പോൾ ചൂട് വെള്ളത്തിൽ ചാടിയിട്ട് മുൻപും പലരും ചാടിയതല്ലേ എന്ന് ചോദിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം എഐ ക്യാമറ പദ്ധതി സമാനകാലത്തെ ഏറ്റവും വലിയ അഴിമതിയാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്. രണ്ടാം എസ്എൻസി ലാവലിനാണ് എഐ ക്യാമറ പദ്ധതിയെന്ന് പറഞ്ഞ സതീശൻ അഴിമതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.