'മുഖ്യമന്ത്രി ദൈവം തന്ന വരദാനം'; മന്ത്രി വി എൻ വാസവനെ ട്രോളി തിരുവഞ്ചൂർ - Thiruvanchoor
Published : Dec 30, 2023, 7:57 PM IST
കോട്ടയം:മന്ത്രി വി എൻ വാസവനെ ട്രോളി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. 'മുഖ്യമന്ത്രി ദൈവം തന്ന വരദാനം' എന്ന വാസവന്‍റെ പരാമർശത്തിന് പിന്നാലെയാണ് പരിഹാസവുമായി തിരുവഞ്ചൂർ രംഗത്തെത്തിയത് (Thiruvanchoor Radhakrishnan mocking minister VN Vasavan). മുഖ്യമന്ത്രി ദശാവതാരത്തിൽ ഒന്നാണ് എന്നാണ് മന്ത്രി പറഞ്ഞത്. എന്താണ് അദ്ദേഹം ഇതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് നേരിട്ട് കാണുമ്പോൾ ചോദിക്കാൻ ഇരിക്കുകയാണ് താനെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. 'അവതാരങ്ങളിൽ മത്സ്യം, കൂർമം, വരാഹം എന്നൊക്കെയാണല്ലോ. അതിൽ ഏത് ഇനത്തിൽ പെട്ടതാണ് ഇതെന്ന് അറിയില്ല' എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പരിഹാസ രൂപേണ പറഞ്ഞു. അതേസമയം സർക്കാരിന്‍റെ നവ കേരള സദസിൽ വച്ചാണ് മന്ത്രി വി എൻ വാസവന്‍റെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പരാമർശം. ദൈവം കേരളത്തിന് നൽകിയ വരദാനമെന്ന രൂപത്തിൽ കേരള ജനത നെഞ്ചേറ്റുന്ന മുഖ്യമന്ത്രിയെ തൊടാൻ വി ഡി സതീശനും കെ സുധാകരനും ഉൾപ്പടെയുള്ള പ്രതിപക്ഷത്തിന് കഴിയില്ലെന്നും കേരള ജനതയെ സംരക്ഷിക്കാൻ മുന്നോട്ടു വന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നുമാണ് മന്ത്രി വി എൻ വാസവൻ നവകേരള സദസിൽ പറഞ്ഞത്.