അരിക്കൊമ്പനെ പിടികൂടാൻ 30 അംഗസംഘം; ഒറ്റയാന്മാരെ പിടികൂടാൻ തയ്യാറെടുത്ത് വനംവകുപ്പ്
ഇടുക്കി:ജില്ലയിൽ ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗസംഘം ഇടുക്കിയിൽ എത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നാല് കുങ്കിയാനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് അരിക്കൊമ്പനെ പിടികൂടാൻ എത്തുന്നത്. അതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരികൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു.
ഈ മാസം 16ന് ശേഷമാണ് 30 അംഗ സംഘം ഇടുക്കിയിലെത്തുക. വിപുലമായ തയ്യാറെടുപ്പുകളാണ് അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് നടത്തുന്നത്. ശാസ്‌ത്രീയ രീതിയിലാണ് നടപടികൾ. 30 അംഗ സംഘത്തെ എട്ട് സ്‌ക്വാഡുകൾ ആക്കി തിരിക്കുകയും ഇവർക്ക് ഡിഎഫ്‌മാർ നേതൃത്വം നൽകുകയും ചെയ്യും.
അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്‌നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ രാത്രിയിലാണ് അരികൊമ്പൻ കാന്‍റീൻ ആക്രമിച്ചത്. കാന്‍റീൻ നടത്തിപ്പുകാരനായ എഡ്വിൻ ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. എഡ്വിന്‍റെ പിന്നാലെ ആന 100 മീറ്ററോളം ഓടി. സമീപത്തെ വീട്ടിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. നാട്ടുകാർ ചേർന്ന് പിന്നീട് ആനയെ തുരത്തി ഓടിക്കുകയായിരുന്നു. ആക്രമണത്തിൽ കാന്‍റീനിന്‍റെ ഭിത്തിയും വാതിലും ജനലും തകർന്നു.