Theft | വൈക്കത്ത് കിഫ്‌ബി ജില്ല ഓഫിസ് ഉള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഓഫിസുകളില്‍ മോഷണം - കുലശേഖരമംഗലത്തെ സ്‌മാർട്ട് വില്ലേജ് ഓഫിസ്
കോട്ടയം: വൈക്കം മറവൻതുരുത്തിൽ കിഫ്‌ബിയുടെ ജില്ല ഓഫിസിൽ ഉൾപ്പെടെ മൂന്ന് സർക്കാർ ഓഫിസുകളിൽ മോഷണം. കിഫ്ബിയുടെ കോട്ടയം ജില്ല ഓഫിസ്, കുലശേഖരമംഗലത്തെ സ്‌മാർട്ട് വില്ലേജ് ഓഫിസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കിഫ്‌ബിയുടെ ജില്ല ഓഫിസും കുലശേഖരമംഗലം വില്ലേജ് ഓഫിസും ഒരു കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഷട്ടറുകളും വാതിലുകളും കുത്തിപ്പൊളിച്ചാണ് മോഷ്‌ടാവ് അകത്തുകയറിയത്. വാതിലിന്‍റെ ലോക്കുകൾ വളഞ്ഞ നിലയിലും ഓഫിസിന് അകത്ത് മേശയും അലമാരയും തുറന്നും ഫയലുകളും സീലുകളും വാരിവലിച്ചിട്ട നിലയിലുമായിരുന്നു. അക്കൗണ്ട് ക്രെഡിറ്റ് ആയി കോടികളുടെ ഇടപാടുകൾ നടത്തുന്നതിനാൽ പണം ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ഡെപ്യൂട്ടി തഹസിൽദാർ രഹ്‌ന യൂനസ് പറഞ്ഞു.
എന്നാൽ ഇതിനോട് ചേർന്നുള്ള മറവന്തുരുത്ത് മൃഗാശുപത്രിയിൽ നിന്നും മുന്നൂറിൽ താഴെ രൂപ നഷ്‌ടപ്പെട്ടിട്ടുണ്ട്. പൂട്ടു തകർത്ത് വാതിലുകൾ തുറന്നാണ് മോഷ്‌ടാവ് അകത്ത് കടന്നത്. ഇവിടെയും അലമാരയിലും മേശയിലും പരിശോധനകൾ നടത്തിയ ലക്ഷണമുണ്ട്.
കോട്ടയത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് മൂന്ന് ഓഫിസുകളിലും പരിശോധന നടത്തി. മണം പിടിച്ചെത്തിയ ഡോഗ് സമീപത്തെ വിജനമായ സ്ഥലത്തും മതിലിന് സമീപത്തും നിന്നു. കോട്ടയത്തുനിന്ന് എത്തിയ വിരലടയാള വിദഗ്‌ധർ, വൈക്കം പൊലീസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.