Kannur Theft| കണ്ണൂരിൽ പലയിടങ്ങളിലായി വ്യാപക മോഷണം ; ആശങ്ക പരത്തി അജ്ഞാതർ വിലസുന്നു - ബ്ലാക്ക് മാൻ
കണ്ണൂർ : നാട്ടുകാരിൽ ആശങ്ക പരത്തി ജില്ലയിൽ പലയിടങ്ങളിലായി അജ്ഞാതർ വിലസുന്നു. അർധരാത്രി കഴിഞ്ഞാൽ എത്തുന്ന അജ്ഞാതർ ജനലിൽ ശക്തിയായി അടിക്കുകയും വീടിന് വെളിയിൽ നിന്ന് ഉറക്കെ 'ഹലോ' എന്ന് വിളിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇത് കൂടാതെ ജില്ലയിലെ പല പ്രദേശങ്ങളിലും മോഷണവും വ്യാപകമാണ്. ഒരിടളവേളക്ക് ശേഷമാണ് പലയിടങ്ങളിലും വീണ്ടും അജ്ഞാതന്‍റെ പരാക്രമങ്ങൾ ആരംഭിച്ചത്. വാതിലിലും ജനലിലും തട്ടിവിളിക്കുക, ഭിത്തികളിൽ കരിയോയിൽ തേച്ച കൈപ്പത്തി പതിപ്പിക്കുക, ജനൽ പാളികൾ കുത്തി തുറക്കുക, ബൾബുകൾ ഊരി മാറ്റുക എന്നിങ്ങനെയുള്ള പ്രവൃത്തികളും അജ്ഞാതന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴ തിരുമേനി മലങ്കര പള്ളിക്ക് സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതന്‍ എത്തി. ജൂലൈ രണ്ടാം വാരത്തോടെയാണ് ആലക്കോട് പഞ്ചായത്തിൽ അജ്ഞാതന്‍റെ ശല്യം ആരംഭിച്ചത്. രണ്ടാഴ്‌ച മുമ്പ് കോടോപ്പള്ളി, കുണ്ടേരി, പെരുവട്ടം എന്നിവിടങ്ങളിലെല്ലാം അജ്ഞാതന്‍റെ പരാക്രമങ്ങളുണ്ടായി. ചെറുപുഴ പ്രാപ്പൊയിൽ ഭാഗത്തും ഇയാൾ അതിക്രമം നടത്തി. പ്രാപ്പോയിൽ, വെസ്റ്റ് കക്കോട്, കന്നിക്കളം ഭാഗങ്ങളിലും മുഖംമൂടി ധരിച്ച അജ്ഞാതൻ എത്തി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കറുത്ത വസ്ത്രം ധരിച്ച് പരിഭ്രാന്തി സൃഷ്‌ടിച്ച ബ്ലാക്ക് മാനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 40കാരനായ റോയ് എന്നയാളെയാണ് പിടികൂടിയത്. ലഹരിക്ക് അടിമയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. ജൂണിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ബിവി റോഡ് പ്രദേശങ്ങളിലും രാത്രിയിൽ അജ്ഞാതൻ ഇത്തരം പരാക്രമങ്ങൾ നടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. കണ്ണൂർ തളാപ്പിൽ തുളച്ചേരി, പള്ളിക്കുന്ന് ഭാഗങ്ങളിലും കവർച്ചകൾ വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ ദിവസം, രാത്രി തുളിച്ചേരിയിലെ ഒരു വീട്ടിൽ കയറിയ മോഷ്‌ടാവ് രണ്ടുമണിക്കൂറാണ് ചെലവഴിച്ചത്. 4000 രൂപയും വീട്ടിൽ നിന്ന് മോഷ്‌ടിച്ചു. മോഷണം നടത്തുന്ന മുറിയിലെ വെളിച്ചം പുറത്തേക്ക് കടക്കാതിരിക്കാൻ വീട്ടിൽ നിന്ന് തന്നെ തുണികൾ എടുത്ത് ജനൽ മറച്ച ശേഷമാണ് ഇയാൾ കവർച്ച നടത്തിയത്. മുഖം മൂടി അണിഞ്ഞാണ് ഇയാൾ മോഷണത്തിനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസിന് ഇതുവരെ കള്ളനെ കണ്ടെത്താനായിട്ടില്ല.