സാധനം കടമായി നൽകിയില്ല: മില്ല് ഉടമക്കും ജീവനക്കാരനും ക്രൂരമർദ്ദനം; മൂന്ന് പേർ അറസ്‌റ്റിൽ
കാസർകോട്: ഫ്ലോർ മില്ലിൽ സാധനം കടം നൽകാത്തതിനെ തുടർന്ന് ഉടമക്കും ജീവനക്കാരനും ക്രൂര മർദനം. കാസർകോഡ് പാലക്കുന്നിലാണ് സംഭവം നടന്നത്. മർദന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.
സൗജന്യമായി സാധനങ്ങൾ നൽകാൻ വിസമ്മതിച്ചതിന്‍റെ വൈരാഗ്യത്തിലാണ് മിൽ അടിച്ചുതകർക്കുകയും തങ്ങൾക്ക് നേരെ ഗുണ്ട ആക്രമണം നടത്തുകയും ചെയ്‌തതെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പാലക്കുന്ന് തിരുവക്കോളിയിൽ ഫ്ലോർ മിൽ നടത്തുന്ന ഷൈൻ (44), ജീവനക്കാരൻ മനോഹരൻ (36) എന്നിവരാണ് ക്രൂര മർദനത്തിന് ഇരയായത്. മർദനത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വിവി സജിത്ത് (27), സർഷിൽ ഹർഷിത് (22), പി കിരൺകുമാർ (30) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
ഫ്ലോർ മിലിലെ സാധങ്ങൾ പ്രതികൾക്ക് സൗജന്യമായി കൊടുക്കാത്തതിനെ തുടർന്ന് പ്രതികൾ കൈകൊണ്ടും ഫൈബർ കസേര കൊണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. ഫ്ലോർ മിൽ തല്ലിത്തകർത്തത്തിൽ 35,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നുവെന്ന് ഉടമ പറഞ്ഞു. ഷൈനിന്‍റെ ഭാര്യയുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
പരിക്കേറ്റ ഷൈനും മനോഹരനും കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ നരഹത്യ ശ്രമമടക്കം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഐപിസി 324, 452, 308, 294 ബി വകുപ്പുകൾ ചുമത്തിയതായി ബേക്കൽ ഇൻസ്‌പെക്‌ടർ വിപിൻ അറിയിച്ചു.