പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: വാഹനം കസ്‌റ്റഡിയിലെടുത്ത് പൊലീസ്, കാര്‍ വാടകയ്‌ക്ക് നല്‍കിയയാളും പിടിയില്‍ - കാസർകോട് ചെർക്കള
കാസർകോട്:താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. അക്രമി സംഘം ഉപയോഗിച്ചതെന്നു കരുതുന്ന കാറും പൊലീസ് കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നുള്ള അന്വേഷണസംഘമാണ് കസ്‌റ്റഡിയിലെടുത്തത്.
കാസർകോട് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് കെഎൽ 14 വി 6372 നമ്പർ കാർ കണ്ടെത്തിയത്. വാഹനം അക്രമി സംഘത്തിന് വാടകയ്ക്ക് കൊടുത്തയാളാണ് പിടിയിലായത്. വാഹനത്തിന്‍റെ ഉടമ വിദേശത്താണ്. ഏപ്രില്‍ ഏഴിന് രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. വെള്ള നിറത്തിലുള്ള കാറിലെത്തിയ നാലംഗ സംഘം വീട്ടിലെത്തി ഷാഫിയേയും സെനിയയേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയ പൊലീസിനോട് വ്യക്തമാക്കിയത്. ഷാഫിയെ നാലുപേർ ചേർന്ന് വലിച്ചുകൊണ്ടുപോവാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെയും പിടിച്ച് കാറിലേക്ക് കയറ്റിയതെന്നും ഇവര്‍ മൊഴി നൽകിയിരുന്നു. എന്നാൽ കാറിന്‍റെ ഡോർ അടക്കാൻ പറ്റാത്തതിനെ തുടര്‍ന്ന് കുറച്ച് ദൂരം പോയ ശേഷം തന്നെ ഇറക്കിവിട്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോവാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഇതിനിടയിലാണ് നിർണായക തെളിവ് പൊലീസിന് ലഭിച്ചത്.