താത്കാലിക ഫോറസ്റ്റ് വാച്ചർമാരുടെ പ്രശ്‌നങ്ങളും ശമ്പള കുടിശ്ശികയും ഉടൻ പരിഹരിക്കപ്പെടും : എ കെ ശശീന്ദ്രൻ - വന സൗഹൃദം സദസ്
തിരുവനന്തപുരം: താത്കാലിക ഫോറസ്റ്റ് വാച്ചർമാരുടെ ശമ്പളത്തിൽ കുടിശ്ശിക വന്നിട്ടുണ്ടെന്നും ഉടൻ അത് പരിഹരിക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ വന സൗഹൃദം സദസ് വഴി പരിഹരിക്കപ്പെടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ഫോറസ്റ്റ് വാച്ചർമാരുടേതെന്നും മന്ത്രി പറഞ്ഞു.
വിവിധ ജില്ലകളില്‍ വ്യത്യസ്‌ത പ്രശ്‌നങ്ങളാണ് ഫോറസ്റ്റ് വാച്ചർമാരടക്കം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി സർക്കാർ വനംവകുപ്പിന് നിയന്ത്രണമില്ലാതെ പണം അനുവദിച്ചിട്ടുണ്ടെന്നും ഏപ്രിൽ രണ്ടോട് കൂടി തന്നെ തീർപ്പാക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ALSO READ:മിഷന്‍ അരിക്കൊമ്പന്‍ : ആനയുടെ മേൽ റേഡിയോ കോളര്‍ സംവിധാനം ബന്ധിപ്പിച്ചിട്ടില്ലെന്ന് എകെ ശശീന്ദ്രന്‍
ആറ് മാസത്തോളം നീണ്ട ശമ്പള കുടിശ്ശിക, ഓണം അലവൻസ്, ഇൻഷുറൻസ് പരിരക്ഷ, പട്രോളിങ് സമയത്ത് ആവശ്യമായ ടോർച്ച്, ഷൂ, ഐഡി കാർഡ് എന്നിവയുടെ വിതരണം എന്നിവ മുടങ്ങിയിരുന്നു. സംസ്ഥാനത്ത് 6000 ത്തോളം താത്കാലിക ഫോറസ്റ്റ് വാച്ചർമാർ ഉണ്ട്. ഇതിൽ 75% പേരും ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്. സർക്കാർ അവഗണന മൂലം പലരും ബുദ്ധിമുട്ടുകയാണ്.