മീന്‍ സസ്യാഹാരമായി കാണണം, കൂടുതല്‍ പേര്‍ കഴിച്ചാല്‍ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ക്ക് ; പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ - പുതുച്ചേരി ഗവര്‍ണര്‍
പുതുച്ചേരി : മീന്‍ സസ്യാഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകമാകുമെന്ന് തെലങ്കാന, പുതുച്ചേരി ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. പുതുച്ചേരി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമസഹായ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തമിഴിസൈ. മധുര ഭരിച്ചിരുന്ന മീനാക്ഷിയെപ്പോലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ പോലെ ഇവിടെയും മത്സ്യ വിഭവങ്ങളെ സസ്യാഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സമിഴിസൈ ആവശ്യപ്പെട്ടു. മത്സ്യം കഴിച്ചാൽ ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും ഇരിക്കാമെന്ന് പറഞ്ഞ തമിഴിസൈ തനിക്ക് മീന്‍ കറി ഏറെ ഇഷ്‌ടമാണെന്നും പറയുകയുണ്ടായി. മത്സ്യം വെജിറ്റേറിയന്‍ ഭക്ഷണം എന്ന ചിന്തയുണ്ടായാല്‍ മീന്‍ കഴിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരും. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും പുതുച്ചേരി ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി രംഗസാമിയെ പിന്തുണയ്ക്കുന്നതായും പുതുച്ചേരിയുടെ വികസനത്തിനായുള്ള വിവിധ പ്രവർത്തനങ്ങള്‍ നടത്തുന്നതായും തമിഴിസൈ പറഞ്ഞു. കേന്ദ്ര സഹമന്ത്രി എൽ മുരുകൻ, പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. ക്ഷേമപദ്ധതികളിലായി 11.90 കോടി രൂപയുടെ കിസാൻ കാർഡുകളും വിതരണം ചെയ്‌തു.