Tecomanthe Hillii 'രാമക്കല്‍മേട്ടില്‍ പൂവിട്ട രാജകുമാരി', ടെക്കോമന്തെ ഹില്ലി കേരളത്തിലും... - Tecomanthe hillii from Queensland of Australia
Published : Sep 26, 2023, 5:17 PM IST
ഇടുക്കി:ഇക്കാണുന്നതാണ് ടെക്കോമന്തെ ഹില്ലി. (Tecomanthe hillii in Kerala). പേര് കേട്ട് അന്തം വിടേണ്ട...ഓസ്ട്രേലിയക്കാരിയാണ് ഈ സുന്ദരി. മണികള്‍ തൂക്കിയിട്ടിരിക്കുന്ന പോലെ പടര്‍ന്ന് പന്തലിച്ച് പൂവിടും. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്ടില്‍ പൂവിട്ട, ടെക്കോമാന്തെയുടെ സുന്ദര കാഴ്‌ചയാണിത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ്‌കാരിയാണ് ടെക്കോമന്തെ ഹില്ലി. ഫ്രേസര്‍ ഐലന്‍ഡ് ക്രീപ്പര്‍ എന്നും അറിയപ്പെടുന്ന ഈ ചെടി അലങ്കാര ചെടികളിലെ രാജകുമാരിയായാണ് വിശേഷിപ്പിക്കുന്നത്. പൂനെയില്‍ നിന്ന് ഓണ്‍ലൈന്‍ ആയി വരുത്തിയാണ് രാമക്കല്‍മേട് അയ്യക്കുന്നേല്‍ വീട്ടില്‍ ടെക്കോമന്തെയെ പരിപാലിച്ചത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന രാമക്കല്‍മേട്ടിലെ കാലാവസ്ഥയില്‍ ഇത് വളരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് പടര്‍ന്ന് പന്തലിച്ച് പൂവിട്ടിരിയ്ക്കുകയാണ് ഹില്ലി. വള്ളിചെടിയായി പടരുന്ന ഇവയുടെ പൂക്കള്‍ ആഴ്‌ചകളോളം നിലനില്‍ക്കും. പൂക്കൾ തണ്ടുകളില്‍ നിന്ന് നേരിട്ട് പുറത്തുവരുന്നത് ചെടികളില്‍ നിന്ന് ഇതിന്‍റെ വ്യത്യസ്‌തമാക്കുന്നു. ചുവപ്പ്, പിങ്ക്, ഇളം വെള്ള നിറങ്ങളിലാണ് ടെക്കോമന്തെ ഹില്ലി പൂവിടുന്നത്. ചട്ടിയിൽ നടാൻ അനുയോജ്യമാണ് ഈ ചെയി. ഈ രീതിയിൽ വളർത്തിയാൽ, പൂവിടാൻ തുടങ്ങുമ്പോൾ വീടിന് അകത്തേക്ക് മാറ്റി മനോഹരമായ ഒരു ഇൻഡോർ ഫീച്ചർ പ്ലാന്റായി ഉപയോഗിക്കുകയും ചെയ്യാം.