Teachers Day Celebration : 'ഇന്ന് ഞങ്ങള്‍ പഠിപ്പിക്കാം' ; അധ്യാപകദിനത്തിൽ ടീച്ചര്‍മാരായി വിദ്യാർഥിനികൾ, കോട്ടണ്‍ഹില്ലില്‍ വേറിട്ട ആഘോഷം - ടീച്ചർമാർ
Published : Sep 5, 2023, 5:13 PM IST
തിരുവനന്തപുരം :സ്‌കൂളിലെ അസംബ്ലി തൊട്ട് വിദ്യാർഥികളെ അച്ചടക്കത്തോടെ ക്ലാസുകളിൽ കൊണ്ടുപോകുന്ന ചുമതല വരെ ഏറ്റെടുത്ത്, അധ്യാപക ദിനത്തിൽ പ്രിയ ടീച്ചർമാർക്ക് അവധി നൽകിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടി അധ്യാപികമാര്‍. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനികളാണ് ഇത്തവണത്തെ അധ്യാപക ദിനം അധ്യാപികമാരായി ആഘോഷിച്ചത് (Teachers day celebration at Cotton Hill Girls School). സ്‌കൂളിലെ ഉച്ചവരെയുള്ള മുഴുവൻ ഉത്തരവാദിത്തവും ഇന്ന് ഈ കുട്ടി ടീച്ചർമാർക്ക് ആയിരുന്നു. തങ്ങളുടെ അധ്യാപകരുടെ പ്രസംഗ ശൈലി തൊട്ട് വസ്‌ത്രധാരണം വരെ അപ്പാടെ ഒപ്പിയെടുത്തായിരുന്നു കുട്ടികൾ ടീച്ചർമാരായി മാറിയത്. ഇന്നലെ വരെ തൊട്ടടുത്തിരുന്ന കൂട്ടുകാരികൾ അധ്യാപകരുടെ ചുമതല ഏറ്റെടുത്തപ്പോൾ സഹ വിദ്യാര്‍ഥികള്‍ ആവേശത്തിലായി. സ്റ്റുഡന്‍റ്‌സ് അസംബ്ലിക്ക് ശേഷം കുഞ്ഞ് ടീച്ചർമാർ അറ്റൻഡൻസ് രജിസ്റ്ററും എടുത്ത് നേരെ ക്ലാസുകളിലേക്ക് പോയി. അടുത്തത് അധ്യാപനം. ഇതിനിടെ എച്ച്എമ്മിന്‍റെയും അഡീഷണൽ എച്ച്എമ്മിന്‍റെയും ചുമതലയുള്ള കുട്ടി ടീച്ചർമാരുടെ വിസിറ്റിങ്. അധ്യാപനത്തോടുള്ള വിദ്യാർഥികളുടെ താത്‌പര്യം മനസിലാക്കാനും കൂടുതൽ ഉത്തരവാദിത്തമുള്ളവരായി അവരെ മാറ്റുന്നതിനുമായാണ് അധ്യാപകർ ഇത്തരത്തിൽ ഒരാഘോഷ രീതി തെരഞ്ഞെടുത്തത്. അധ്യാപകരെ അനുകരിക്കുകയും അത് ആസ്വദിക്കുകയും ചെയ്‌തുവെങ്കിലും ഭാവിയിൽ സിവിൽ സർവീസ് അടക്കമുള്ള വലിയ സ്വപ്‌നങ്ങളാണ് പല കുഞ്ഞുടീച്ചർമാരുടെയും ഉള്ളിലുള്ളത്. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ ആസ്വാദനം ഏറും എന്നതാണത്രേ ഇതിന്‍റെ കാരണം.