മനുഷ്യ-വന്യമൃഗ സംഘര്‍ഷം; വിശദമായി പഠിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും; യോഗം ചേര്‍ന്ന് ടാസ്‌ക് ഫോഴ്‌സ്
ഇടുക്കി: ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയിലെ മനുഷ്യ – വന്യമൃഗ സംഘർഷങ്ങളെക്കുറിച്ച് പഠിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു. ചിന്നക്കനാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു യോഗം. ജില്ലയിലെ ഏതൊക്കെ മേഖലകളിലാണ് വന്യമൃഗ ശല്യം രൂക്ഷമായിട്ടുള്ളതെന്നും അത് കുറയ്‌ക്കുന്നതിന് എന്തെല്ലാം മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.
വന്യമൃഗ ശല്യം കൂടുതലായിട്ടുള്ള മേഖലകളില്‍ ഫെന്‍സിങ് സ്ഥാപിക്കണം എന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്‍റുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അരിക്കൊമ്പന്‍റെ ആക്രമണം തടയാൻ ആനയെ വേഗത്തിൽ പിടിച്ച് മാറ്റണമെന്നും ആവശ്യം ഉയർന്നു. അതേസമയം അരിക്കൊമ്പനെ മാറ്റുന്നതിന് ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
ജില്ല ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്‌ജുമായ പിഎ സിറാജുദീനാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, ദേവികുളം സബ് കലക്‌ടര്‍ രാഹുൽ കൃഷ്‌ണ ശർമ്മ, ശാന്തൻപാറ എസ്എച്ച്ഒ മനോജ് കുമാർ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് സിനിബേബി, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.