UCC Controversy | 'ഏക സിവിൽ കോഡിൽ കോൺഗ്രസിന് രണ്ട് അഭിപ്രായമില്ല' ; സിപിഎം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് താരിഖ് അൻവർ - താരിഖ് അൻവർ മാധ്യമങ്ങളോട്
തിരുവനന്തപുരം : ഏക സിവിൽ കോഡിൽ കോൺഗ്രസിന് രണ്ട് അഭിപ്രായമില്ലെന്നും കേരളത്തിൽ സിപിഎം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ദേശീയ വക്താവ് നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. സിവിൽ കോഡ് വിഷയത്തില്‍ കോൺഗ്രസിന് എതിരഭിപ്രായം ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സമരപരിപാടികൾ ദേശീയതലത്തിൽ തീരുമാനിക്കും. എല്ലാ വിഭാഗത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട് കൂടിയാലോചനകൾക്ക് ശേഷം പാർലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് ശക്തമായ നിലപാടില്ലെന്നും മൃതുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്ന ഘട്ടത്തിലാണ് ദേശീയ നേതാവിന്‍റെ പ്രതികരണം.
'സിപിഎം ബിജെപിയുടെ ഭിന്നിപ്പിക്കലിന്‍റെ പാതയില്‍' :ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതേ പാതയിലാണ് കേരളത്തിലെ സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. പ്രശ്‌നമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കേരളത്തിലെ സിപിഎം നേതൃത്വം നടത്തുന്നത്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ 2018ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.