കട്ടപ്പനയിലെ കളളനാര് ? കാര്‍ഷിക വിളകള്‍ കൊള്ളയടിക്കുന്ന കള്ളനെ ഉടന്‍ പൂട്ടണമെന്ന് കര്‍ഷകര്‍ - ഇടുക്കി ജില്ലാ വാർത്തകൾ
Published : Dec 10, 2023, 11:01 AM IST
ഇടുക്കി: വിളവെടുക്കാൻ പാകമായ മരിച്ചീനികൾ മോഷണം പോയതായി കർഷകന്‍റെ പരാതി. അറുപതോളം മൂട് മരച്ചീനികളാണ് കട്ടപ്പന സ്വദേശിയായ കർഷകന് നഷ്‌ട്ടമായത്. കട്ടപ്പന പാറക്കടവ് അക്കാട്ടുമുണ്ടയിൽ ദേവസ്യ ജോർജിന്‍റെ മരച്ചീനികളാണ് മോഷണം പോയത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് നട്ടുപരിപാലിച്ചിരുന്ന മരച്ചീനികളാണ് കഴിഞ്ഞ രാത്രിയിൽ ആരോ മോഷ്‌ട്ടിച്ചതായി ജോർജ് പരാതിപ്പെടുന്നത്. 30 സെന്‍റോളം വരുന്ന സ്ഥലത്ത് ഏകദേശം 600-ഓളം മരച്ചീനികൾ കൃഷി ചെയ്‌തിരുന്നു. ഇതിൽ 60-ഓളം മൂട് മരച്ചീനികളും ജോർജിന് നഷ്‌ട്ടമായിട്ടുണ്ട്. പുരയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന മുള്ള് വേലി തകർത്താണ് കപ്പ മോഷ്‌ടിച്ച് കടത്തിയത്. മുൻപും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ജോർജ് മരച്ചീനി കൃഷി തുടങ്ങിയത്. ഈ സ്ഥലത്തിനോട് ചേർന്ന് ഒരു കുളവുമുണ്ട്. കുളത്തിൽ നിന്ന് വളർത്തു മത്സ്യങ്ങളും മോഷണം പോകാറുണ്ടെന്ന് കർഷകൻ പരാതിപ്പെടുന്നുണ്ട്. വന്യ ജീവികൾക്ക് പുറമെ മോഷണവും കൂടിയതോടെ പ്രതിസന്ധിയിലാണ് ഈ കർഷകൻ. ഇനിയും ഇതേ സംഭവം ആവർത്തിച്ചാൽ തന്‍റെ അധ്വാനത്തിന്‍റെ വലിയ പങ്കും നഷ്‌ട്ടമാവുമെന്ന ആശങ്കയിലാണ് ദേവസ്യ ജോർജ്.