Accident | കാസർകോട് ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരുക്ക് - ടാങ്കർ ലോറി
കാസർകോട് : പാണത്തൂർ പരിയാരത്ത് നിയന്ത്രണം വിട്ട ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പരിയാരം സ്വദേശി ഹസൈനാരുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോറി മറിഞ്ഞ് വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂരുവിൽ നിന്ന് ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് ഇന്ധനവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പരിയാരം ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട് ലോറി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നാലെ വിവരം അറിഞ്ഞ് ആംബുലൻസുകളും അഗ്നിരക്ഷ സേനയും സംഭവ സ്ഥലത്തെത്തി. അപകട സ്ഥലത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അപകടത്തെ തുടർന്ന് ടാങ്കറിൽ നിന്ന് ഡീസൽ ചോർന്നിരുന്നു. ഇപ്പോൾ ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.