അട്ടപ്പാടിയില്‍ ആദിവാസി കുടുംബത്തെ തമിഴ്‌നാട് പൊലീസ് മർദിച്ചതായി പരാതി; ക്രൂരത 14കാരനോടും
പാലക്കാട്: അട്ടപ്പാടി ഊരടത്ത് ആദിവാസി കുടുംബത്തെ തമിഴ്‌നാട് വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. കിണ്ണക്കൊരെ ഊരടത്തെ രാമൻ (60), മലർ (50), കാർത്തിക്ക് (18), രഞ്ജന (17), അയ്യപ്പൻ (14) എന്നിവരാണ് പൊലീസിനെതിരെ, പുതൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കുടുംബം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി.
അട്ടപ്പാടി ഊരടം ഊരിലെത്തണമെങ്കിൽ 65 കിലോമീറ്റർ തമിഴ്‌നാട് മുള്ളി മഞ്ചൂർ വഴി ചുറ്റി സഞ്ചരിക്കണം. അല്ലെങ്കിൽ വന്യ മൃഗങ്ങളുള്ള നിബിഡ വനത്തിലൂടെ 15 കിലോമീറ്റർ സഞ്ചരിക്കണം. ഊരടം ഊരിൽ നിന്നും വീടുപണി കഴിഞ്ഞ് വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ തമിഴ്‌നാട് അതിർത്തി പ്രദേശമായ കിണ്ണക്കൊരെക്ക് പോകുകയായിരുന്നു രാമൻ.
ഈ സമയം ഇതുവഴി വന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനുമാണ് മര്‍ദിച്ചത്. കഞ്ചാവ് നട്ടുവളർത്തിയത് എവിടെയെന്ന് കാണിക്കാൻ ആവശ്യപ്പെട്ടാണ് രാമനെ മർദിച്ചത്. ഇതിന് ശേഷം സമീപമുണ്ടായിരുന്ന തുരുമ്പിച്ച കമ്പി വേലി ഉപയോഗിച്ച് കൈകൾ ബന്ധിച്ചു. കഴുത്തിൽ തോർത്തിട്ട് വലിച്ച് കിണ്ണക്കൊരെയിലുള്ള തമിഴ്‌നാട് പൊലീസ് ചെക്ക്പോസ്റ്റിലേക്ക് കൊണ്ടുവന്നു.
രാമനെ പൊലീസ് ചെക്ക്പോസ്റ്റിലെത്തിച്ച വിവരമറിഞ്ഞ കുടുംബം അവിടെയെത്തി. കാരണമില്ലാതെ മർദിച്ചത് ചോദ്യം ചെയ്‌ത രാമന്‍റെ മകൻ കാർത്തിക്കിനേയും പൊലീസുകാരൻ മർദിച്ചു. കാർത്തിക്കിനെ പൊലീസുകാരൻ കമ്പിക്കൊണ്ടാണ് അടിച്ചത്. ഇത് തടയാനെത്തിയ മറ്റ് കുടുംബക്കാരെയും പൊലീസ് മർദിക്കുകയായിരുന്നു. സംഭവത്തിൽ പുതൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.