സിനിമ സ്റ്റൈല്‍ കവർച്ചയും പൊലീസിന്‍റെ ചേസിങും: ഒന്നരക്കോടി തട്ടിയെടുത്ത് രക്ഷപെട്ട മലയാളി യുവാക്കൾ പിടിയില്‍ - ചാലക്കുടി സ്വദേശികൾ തമിഴ്‌നാട് പൊലീസ് പിടിയിൽ
ഇടുക്കി : തട്ടിയെടുത്ത ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞ രണ്ട് യുവാക്കളെ മൂന്നാര്‍ പൊലീസ്-ഫോറസ്റ്റ് എന്നിവരുടെ സഹായത്തോടെ തമിഴ്‌നാട് പൊലീസ് സാഹസികമായി പിടികൂടി. ചാലക്കുടി സ്വദേശികളായ ഫെബിന്‍ സാജു, എഡ്‌വിന്‍ തോമസ് എന്നിവരെയാണ് തിരുനല്‍വേലി പൊലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്നും തട്ടിയെടുത്ത പണവും പൊലീസ് കണ്ടെടുത്തു.
മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡിന്‍റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കുറച്ച് ദിവസം മുമ്പാണ് ചാലക്കുടി സ്വദേശികളായ ഫെബിന്‍ സാജുവും (26) സുഹ്യത്ത് എഡ്‌വിന്‍ തോമസും തിരുനല്‍വേലിയിലെത്തി വ്യവസായിയുടെ പക്കല്‍ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് കടന്നുകളഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് വ്യവസായി തമിഴ്‌നാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികൾ ചിന്നക്കനാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് വരുന്നതായി തമിഴ്‌നാട് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് റിസോർട്ടിൽ എത്തിയതോടെ ഇരുവരും വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
പൊലീസ് പിന്തുടർന്ന് എത്തിയതോടെ പ്രതികള്‍ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാര്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ദേവികുളത്തിന് സമീപത്തെ ടോള്‍ ഗെയിറ്റില്‍ വാഹനം തടയണമെന്ന് തമിഴ്‌നാട് പൊലീസ് വിവരം കൈമാറി. എന്നാല്‍ ടോള്‍ ഗെയിറ്റ് ഇടിച്ച് തെറിപ്പിച്ച് വാഹനം മൂന്നാറിലേക്ക് കടക്കുകയായിരുന്നു.
തുടര്‍ന്ന്, തമിഴ്‌നാട് പൊലീസ് മൂന്നാര്‍ ഡിവൈഎസ്‌പിക്കും വനംവകുപ്പിനും വിവരം കൈമാറി. പൊലീസ് സ്റ്റേഷന് സമീപത്തായി ഫോറസ്റ്റും പൊലീസും വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം പിന്നോട്ടെടുത്ത് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനിടെ ദേവികുളത്ത് നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഇവർ സഞ്ചരിച്ച വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
ഇതോടെ ഇവരുടെ വാഹനം റോഡിന്‍റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുനിന്നു. തുടര്‍ന്ന് പിന്തുടർന്നെത്തിയ പൊലീസ് പ്രതികളെ പിടികൂടുകയും ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തുകയും ചെയ്‌തുവെന്ന് തിരുനല്‍വേലി സ്‌പെഷ്യല്‍ ടീം അംഗം നമ്പിരാജന്‍ പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ പിന്നോട്ടെടുത്ത ഥാര്‍ ജീപ്പ് ഒരു ഓട്ടോയിലും കാറിലും ടെമ്പോ ട്രാവലറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ ഡ്രൈവറായ മുഹമ്മദ് അഷറഫിന്‍റെ കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും മൂന്ന് വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്‌തു.
പ്രതികൾക്കെതിരെ സമാന കേസുകളുണ്ടെന്ന് പൊലീസ് : പ്രതികളായ ഫെബിന്‍ സാജുവിന് കേരളത്തിനകത്തും പുറത്തുമായി 8 മോഷണ കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. എഡ്‌വിന്‍ തോമസിന് കാസര്‍കോട്, മലപ്പുറം, ചാലക്കുടി എന്നിവിടങ്ങളിയായി സമാന രീതിയിൽ കേസുകളുണ്ടെന്ന് മൂന്നാര്‍ പൊലീസ് അറിയിച്ചു. പ്രതികളെ തിരനല്‍വേലി ഡിവൈഎസ്‌പി രാജുവിന്‍റെ നേത്യത്വത്തിലുള്ള അഞ്ച് പേരടങ്ങുന്ന സംഘം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. പ്രതികളെ കുറിച്ച് കേരള പൊലീസും തമിഴ്‌നാട് പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു.