വാരണസിയിലെ ഹോട്ട് എയര്‍ ബലൂണ്‍ ; താഴെയിറക്കിയതോടെ ആവേശഭരിതരായി കാണികള്‍: വീഡിയോ - air balloon
വാരണാസി (യുപി):വാരണസിയില്‍ എയര്‍ബലൂണ്‍ പൊടുന്നനെ താഴേക്ക് പതിച്ചത് പ്രദേശത്തെ കുട്ടികളെ ആവേശഭരിതരാക്കി. വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വാരണസിയില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനായി ആരംഭിച്ചതാണ് ഹോട്ട് എയര്‍ ബലൂണ്‍. വാരണസിയിലെ സിഗ്ര മേഖലയിലാണ് കാണികള്‍ക്ക് ഏറെ ആവേശം പകര്‍ന്നുള്ള ലാന്‍ഡിങ്. ബലൂണ്‍ ലാന്‍ഡ് ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ബലൂണ്‍ സിഗ്രയില്‍ ലാന്‍ഡ് ചെയ്‌തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ ബലൂണിനടുത്തേക്ക് ഓടിയെത്തുന്നതും അത് തൊട്ട് നോക്കുന്നതും ആഹ്ലാദിക്കുന്നതും വീഡിയോയില്‍ കാണാനാകും. വിനോദ സഞ്ചാരത്തിന് കൂടുതല്‍ കരുത്തേകുന്നതിനായാണ് ജനുവരി 17 മുതല്‍ 20 വരെ കാശി ബലൂണ്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
നാല് ദിവസം നീണ്ട പരിപാടിയില്‍ ആറ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച ബലൂണിസ്റ്റുകളാണ് പങ്കെടുത്തത്. വിദേശത്ത് നിന്നുള്ള വിദഗ്‌ധ ഏജന്‍സികളെയാണ് ബലൂണ്‍ സവാരി നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്കായി ബലൂണ്‍ സവാരി ഒരുക്കിയത്. അതിമനോഹരമായ വാരണസിയെ ബലൂണില്‍ സഞ്ചരിച്ച് കാണാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ സഞ്ചാരികള്‍ക്ക് ലഭിച്ചത്. വാരണസിയിലെ തിക്കും തിരക്കും ക്ഷേത്രവും ആചാരങ്ങളും ആകാശത്ത് നിന്ന് ആസ്വദിക്കാനാണ് ബലൂണ്‍ ഫെസ്‌റ്റ് സംഘടിപ്പിച്ചത്.
ഇത് കൂടാതെ രാജ്യത്തെ പ്രമുഖ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബോട്ട് റേസും വാരണസിയില്‍ സംഘടിപ്പിച്ചിരുന്നു. ദശശ്വമേധ് ഘട്ടില്‍ തുടങ്ങി രാജ്‌ഘട്ട് വരെയും കാശി വിശ്വനാഥ് ധാം, പഞ്ച് ഗംഗാ ഘട്ട് തുടങ്ങിയവയും ഉള്‍ക്കൊള്ളുന്ന മൂന്ന് കിലോമീറ്ററോളം നീളമുള്ള പ്രദേശത്താണ് ബോട്ട് റേസ് നടത്തിയത്. 12 ടീമുകളാണ് ബോട്ട് റൈസില്‍ പങ്കെടുത്തത്. ഇതിനെല്ലാം പുറമെ സഞ്ചാരികള്‍ക്ക് സംഗീത വിരുന്നും വാരണസിയില്‍ ഒരുക്കിയിരുന്നു.
മികച്ച സംഗീതജ്ഞരായ നാഥു ലാൽ സോളങ്കി, പ്രേം ജോഷ്വ, കബീർ കഫേ, തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി കാണികള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.
പുരാതന നഗരമായ കാശിയില്‍ കൊണ്ടു വന്ന പുതിയ വീക്ഷണങ്ങളും പരീക്ഷണങ്ങളുമെല്ലാം സമകാലിക സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ പകരുന്നയവയാണെന്ന് കമ്മിഷണർ കൗശൽ രാജ് ശർമ പറഞ്ഞു. ഇത്തരം മാറ്റങ്ങള്‍ വാരണസിയെ വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.