സമ്മര്‍ദം വേണ്ട, പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് - മാനസിക സമ്മര്‍ദം
തിരുവനന്തപുരം: പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യര്‍ഥികള്‍ അമിതമായ സമ്മര്‍ദത്തിലേക്ക് വീണു പോകരുതെന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ മനഃശാസ്‌ത്ര വിദഗ്‌ധനായ എഎഫ് നിഥിന്‍. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെയും ശ്രദ്ധ വേണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളെ പരീക്ഷയുടെ പേരിലും മറ്റു കുട്ടികളുമായി താരതമ്യം ചെയ്‌തും സമ്മര്‍ദത്തിലാക്കരുത്. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കും. സമ്മര്‍ദമില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ലഭിക്കുന്ന മാര്‍ക്കിനെ കുറിച്ചോ ഫലത്തെ കുറിച്ചോ വിദ്യാര്‍ഥികള്‍ ചിന്തിക്കരുത്. അറിവ് വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന രീതിയില്‍ വേണം സമീപിക്കാന്‍. ഇത് സമ്മര്‍ദമില്ലാതെ പഠിക്കാനും പരീക്ഷയെ സമീപിക്കാനും സഹായിക്കും. കൃത്യമായ ഒരു ദിനചര്യ പാലിക്കുക. ശാരീരികമായ വ്യായാമം ചെയ്യുക. ഇത് മാനസിക സമ്മര്‍ദം ഒഴിവാക്കാനും ഉണര്‍വ് സമ്മാനിക്കാനും സഹായിക്കും. അറിയാവുന്ന വിഷയങ്ങള്‍ക്കായി കുറച്ചു സമയവും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയവും മാറ്റിവയ്ക്കുക. പരീക്ഷ എഴുതാന്‍ ലഭിക്കുന്ന സമയം മനസില്‍ ഓര്‍ത്ത് പരിശീലനം നടത്തണമെന്നും മനഃശാസ്‌ത്ര വിദഗ്‌ധര്‍ പറയുന്നു.