Magazine Cover Page| ലോകനിലവാരത്തില്‍ കവർപേജുകൾ, മന്ത്രിക്കും അത്‌ഭുതം: സൂപ്പറാണ് ചാല സ്‌കൂളിലെ ജേർണലിസം വിദ്യാർഥികൾ - ചാല ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി
തിരുവനന്തപുരം :ജേർണലിസത്തിൽ മാഗസിനുകൾ പ്രധാനമാണ്. പലതരം മാഗസിനുകള്‍ വിപണിയില്‍ ലഭിക്കും. ഗൗരവമായ വായന പ്രദാനം ചെയ്യുന്നത് മുതല്‍ ലൈറ്റ് റീഡിംഗിന് ഉതകുന്നതുവരെ ഇവയിലുൾപ്പെടും. എന്നാല്‍ പൊതുവായി ഇവയുടെ കവർ പേജ് സവിശേഷമായിരിക്കണം. ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കുകയും വായിപ്പിക്കുകയും ചെയ്യുന്നതാകണം. ഇത്തരത്തില്‍, അന്താരാഷ്‌ട്ര നിലവാരമുള്ള മാഗസിൻ കവർ പേജുകളൊരുക്കി ശ്രദ്ധേയരാവുകയാണ് ചാല ഗവൺമെന്‍റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികൾ. പാഠ്യ പദ്ധതിയുടെ ഭാഗമായി ഇവർ സ്വന്തമായി തയ്യാറാക്കിയ വ്യത്യസ്‌ത കവർ പേജുകൾ കണ്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും അത്ഭുതപ്പെട്ടു. അധ്യാപിക സിന്ധുവിന്‍റെ, കവര്‍ പേജ് ഡിസൈന്‍ എന്ന വേറിട്ട ആശയം വിദ്യാർഥികൾ ഗൗരവമായി ഏറ്റെടുത്തതോടെ ദൗത്യം വിജയകരമാവുകയായിരുന്നു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പാഠ്യ വിഷയമാണ് ജേർണലിസം. മാഗസിന്‍ കവര്‍ പേജിനെ കുറിച്ചുള്ള പഠനത്തിനിടെ നല്‍കിയ അസൈന്‍മെന്‍റിലൂടെയാണ് മികച്ച കവര്‍ പേജുകള്‍ പിറന്നത്. പിന്നീട് സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെ നടത്തിയ മാഗസിന്‍ പ്രദര്‍ശനത്തില്‍ ആരോഗ്യം, എന്‍റര്‍ടൈന്‍മെന്‍റ്, കായികം തുടങ്ങി വ്യത്യസ്‌ത തരം മാഗസിനുകളും പ്രിന്‍റിംഗ് അവസാനിപ്പിച്ച മംഗളത്തിന്‍റെ അവസാന പതിപ്പും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിരുന്നു.