'സന്തോഷം കൊണ്ട് കരഞ്ഞുപോയി', സ്‌കൂൾ ലീഡറായ സേതുമാധവൻ ഇപ്പോൾ വൈറലാണ്, പിന്നാലെ മന്ത്രിയുടെ വിളിയും
തൃശൂർ: ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാകും സ്‌കൂൾ പഠന കാലം നമുക്ക് ഓരോരുത്തർക്കും തന്നിട്ടുണ്ടാകുക. സ്‌കൂളില്‍ നിന്ന് ആദ്യമായി കിട്ടുന്ന അംഗീകാരങ്ങൾ, അഭിനന്ദനങ്ങൾ അങ്ങനെ പലതും... സ്‌കൂൾ ലീഡറായി തെരഞ്ഞെടുത്തു എന്നറിഞ്ഞപ്പോ, ആദ്യം അടക്കാനാകാത്ത സന്തോഷവും പിന്നീട് സന്തോഷക്കണ്ണീരുമായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു കുട്ടിയുണ്ട് തൃശൂരില്‍. കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ലീഡർ സേതുമാധവൻ.
കാഞ്ഞിരശ്ശേരി സ്‌കൂളില്‍ കുട്ടികൾ വോട്ട് ചെയ്‌താണ് അവരുടെ ലീഡറെ തെരഞ്ഞെടുത്തത്. ഈ വിവരം അറിയിച്ചപ്പോൾ ആദ്യം സന്തോഷം കൊണ്ട് തുള്ളിച്ചാടിയ സേതുമാധവൻ നന്ദി പറയാൻ മൈക്കിന് മുന്നിലെത്തിയപ്പോഴാണ് അത് സന്തോഷക്കണ്ണീരായി മാറിയത്. സ്വന്തം അധ്യാപികയോട് ചേർന്ന് നിന്ന് കരഞ്ഞ് കണ്ണീർ തുടച്ച സേതുമാധവന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി അറിഞ്ഞ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫോൺ വിളി പിന്നാലെയെത്തിയപ്പോൾ അത് ഇരട്ടി മധുരമായി.
ലീഡർ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ജയിച്ചതിലുണ്ടായ സന്തോഷത്തില്‍ കരഞ്ഞുപോയെന്നാണ് സേതുമാധവൻ പറയുന്നത്. എന്തായാലും മന്ത്രി ശിവൻകുട്ടിയുടെ വിളിയെത്തിയതോടെ സേതുമാധവനും കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളും ഹാപ്പിയാണ്. കുട്ടികൾ ജനാധിപത്യ, ഭരണഘടന മൂല്യങ്ങൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തില്‍ തന്നെയാണെന്നും ഇവരാണ് നാളത്തെ ഇന്ത്യ എന്നും വിദ്യാഭ്യാസ മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. മന്ത്രി പറഞ്ഞത് അന്വർഥമാകട്ടെ, ഇവരാകട്ടെ നാളത്തെ ഇന്ത്യ...