ഇടുക്കിയില്‍ പടുതക്കുളത്തില്‍ വീണ് 16കാരി മരിച്ചു - നെടുങ്കണ്ടം താലൂക്ക് ആശുപത്രി
ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാർഥിനി പടുതക്കുളത്തിൽ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്‍റെ മകൾ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയല്‍ക്കാരും നടത്തിയ തെരച്ചിലിലാണ് പടുതക്കുളത്തിൽ കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂൾ ഗ്രൂപ്പിൽ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെസേജ് അയച്ചതിനു ശേഷം അനാമിക വീടിന് തൊട്ട് സമീപത്തായുള്ള പടുതക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കാനായി പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരുപ്പും പടുതക്കുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.
വീട്ടുകാരുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍, കുട്ടി കുളത്തില്‍ വീണതാകാം എന്ന നിഗമനത്തില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പടുതക്കുളത്തിന്‍റെ ഒരു ഭാഗം തകര്‍ത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞപ്പോഴാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്.
നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.