കെവിവിഇഎസിന്‍റെ നേതൃത്യത്തിൽ മെയ് 3ന് ഇടുക്കിയിൽ പണിമുടക്ക്; ജില്ലയോട് ഭരണകൂടം അവഗണന കാണിക്കുന്നതായി സണ്ണി പൈമ്പിളിൽ
ഇടുക്കി:ഇടുക്കി ജില്ലയോട് ഭരണകൂടം കാണിക്കുന്ന അവഗണനയ്‌ക്കും വാഗ്‌ദാന ലംഘനത്തിനുമെതിരെ മെയ് മൂന്നിന് കടകൾ അടച്ച് പണിമുടക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിളിൽ. പണിമുടക്കിന്‍റെ ഭാഗമായി അടിമാലിയിൽ സത്യഗ്രഹ സമരവും നടക്കും. 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, കെട്ടിട പെർമിറ്റ് ഫീസ് വർധനവ് പിൻവലിക്കുക, വന്യമ്യഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ പണിമുടക്കുന്നത്.
വിവിധ കർഷക സംഘടനകളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സമുദായ സംഘടനകളുടെയും സ്വതന്ത്ര പ്രസ്ഥാനമായ ഇടുക്കി ലാൻഡ് മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ സർക്കാരിന്‍റെ രണ്ടാം വാർഷിക ആഘോഷ വേളയിൽ മെയ് മൂന്നാം തീയതി രാവിലെ 10 മണി മുതൽ മൂന്ന് മണി വരെയാണ് അടിമാലിയിൽ സത്യഗ്രഹ സമരം നടത്തുക. ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന സമരത്തിൽ മുഴുവനാളുകളും ഈ സമരത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈബിളി ആവശ്യപ്പെട്ടു.