തളിപറമ്പിൽ തെരുവ് നായ അക്രമം; നാല് പേർക്ക് കടിയേറ്റു - Stray dog attack in Taliparamba
കണ്ണൂർ : തളിപറമ്പിൽ തെരുവ് നായയുടെ അക്രമം. തളിപറമ്പ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ഒരു സ്‌ത്രീ ഉൾപ്പെടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. തളിപറമ്പ് കപ്പാലത്തെ സി ജാഫർ, തൃച്ചംബരം സ്വദേശി എസ് മുനീർ, പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കും ഒരു സ്‌ത്രീക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് നാളുകളായി തെരുവ് നായ ശല്യം രൂക്ഷമാണ്. നേരത്തെ 2023 ജൂൺ മാസം കണ്ണൂർ മുഴിപ്പിലങ്ങാടിയിൽ 13 വയസുകാരൻ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംസാര ശേഷിയില്ലാത്ത നിഹൽ എന്ന കുട്ടിയെയാണ് തെരുവ് നായകൾ ക്രൂരമായി കൊലപ്പെടുത്തിയത്.
കളിക്കാൻ പോയ നിഹാൽ ഏറെ വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരഞ്ഞിറങ്ങിയത്. വീടിന് 300 മീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിലാണ് നിഹാലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കടിയേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരയ്‌ക്ക് താഴെ തെരുവ് നായകൾ പിച്ചിച്ചീന്തിയ നിലയിലായിരുന്നു.