കൊല്ലത്ത് കടയ്‌ക്കും വീടിനും തീപിടിച്ചു; വീട്ടിലുണ്ടായിരുന്നത് കുട്ടികള്‍ അടക്കം നാലു പേര്‍, രക്ഷപ്പെടുത്തിയത് അതി സാഹസികമായി - ശാസ്‌താംകോട്ട
കൊല്ലം: ശാസ്‌താംകോട്ട വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കടയ്‌ക്കും മുകളിലെ വാടക വീടിനും തീപിടിച്ചു. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എച്ച്‌എസ് സ്‌റ്റോറിനാണ് തീപിടിച്ചത്. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.
സ്റ്റേഷനറി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോർ പൂർണമായും കത്തുകയും പിന്നാലെ സ്‌റ്റോറിന് മുകളിൽ ഉള്ള വാടക വീട്ടിലേക്ക് തീ ആളിപ്പടരുകയുമായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ കുട്ടികൾ ഉൾപ്പെടെ നാല് പേർ ഉണ്ടായിരുന്നു. രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം കുടുങ്ങിയ പോയ ഇവര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്‌താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫിസർ സാബു ലാലിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തുകയും സമീപത്തെ കെട്ടിടത്തിൽ കയറി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ കമ്പി അറുത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.
ക്രിസ്റ്റി യാനോ (നാല്), റയാനോ (ഏഴ്) ഇവരുടെ അമ്മ ശാന്തി (32), ശാന്തിയുടെ അമ്മ കത്രീന (70) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്.
തീ നിയന്ത്രണ വിധേയമാക്കാൻ ചവറ, കരുനാഗപ്പള്ളി,കൊല്ലം എന്നീ അഗ്നിരക്ഷ നിലയങ്ങളിൽ നിന്നും അഞ്ച് യൂണിറ്റ് എത്തിയിരുന്നു. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി സ്വദേശിയായ ശാന്തി മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടറായി ജോലി ചെയ്‌ത് വരികയാണ്.