റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റ് കഷണങ്ങളും; അന്വേഷണം ആരംഭിച്ച് ആർപിഎഫ്
കാസർകോട് :കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റിന്‍റെ കഷണങ്ങളും കണ്ടെത്തി. കോയമ്പത്തൂർ മംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ കല്ലും ക്ലോസറ്റും കണ്ടത്. ട്രെയിനിന് തടസം സൃഷ്‌ടിക്കുന്ന രീതിയിലാണ് ഇവ വച്ചിരുന്നത്. ഇതിന് മുകളിലൂടെ ട്രെയിൻ കടന്നുപോകുകയായിരുന്നു. ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപറമ്പ് പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടികുളത്തിനും കളനാടിനും ഇടയിലെ തുരങ്കത്തിന് നൂറ് മീറ്റർ അകലെയാണ് റെയിൽ പാളത്തിൽ കല്ലും ക്ലോസെറ്റും കണ്ടത്. തുരങ്കത്തിലൂടെ കടന്നുവരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിന് പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത തരത്തിലാണ് കല്ല് വെച്ചിരുന്നത്. 11.50 ഓടെയാണ് ട്രെയിൻ ഇതുവഴി കടന്നു പോയത്. ഇന്നലെ മാഹിക്കും തലശേരിക്കും ഇടയിൽ വന്ദേ ഭാരതിനും, ഇക്കഴിഞ്ഞ 13 ന് ചെന്നൈ സൂപ്പർ ഫാസ്റ്റിന് നേരെയും നേത്രവതി എക്‌സ്‌പ്രസിന് നേരെയും ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കല്ലേറ് നടന്നത്. പിന്നാലെ ഓഗസ്റ്റ് 14 ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായി. 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. സംഭവത്തിൽ ആർപിഎഫും ഇന്‍റലിജൻസും അന്വേഷണം തുടരുകയാണ്.