Special tomb for Oommen chandy | സേവനത്തിനുള്ള ആദരം ; ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ - സേവനത്തിന് ആദര സൂചകം
കോട്ടയം :അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കുന്നു. അദ്ദേഹം പുതുപ്പള്ളിക്കും, പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. പള്ളിയുടെ അങ്കണത്തിൽ വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻചാണ്ടിക്കും കല്ലറ ഒരുങ്ങുന്നത്. ഞായറാഴ്‌ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് ഉമ്മൻചാണ്ടി എത്തുമായിരുന്നു. പുതുപ്പള്ളി സെന്‍റ് ജോർജ് പള്ളിയും, ഉമ്മൻചാണ്ടിയും തമ്മിൽ അത്രമേൽ ആത്മബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എവിടെയാണെങ്കിലും ഉമ്മൻ ചാണ്ടി ഓടിയെത്തും. പള്ളിയുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്ന് വികാരി ഫാദർ വർഗീസ് പറയുന്നു. കരോട്ട് വള്ളക്കാലില്‍ കുടുംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം, നാളെ (ജൂലൈ 19) രാവിലെ വിലാപയാത്രയായി തിരുവന്തപുരത്തുനിന്നും മുൻ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിച്ച ശേഷം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്‍റെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. ജൂലൈ 20ന് പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ വച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.