കാട്ടാന ആക്രമണം തടയാന്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ് കാടുകയറി നശിക്കുന്നു; ആശങ്കയെന്ന് നാട്ടുകാര്‍ - തേവാരംമെട്ട്
ഇടുക്കി:കാട്ടാന ആക്രമണങ്ങള്‍ തടയുന്നതിനായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിങ് കാട് കയറി നശിയ്ക്കുന്നു. തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന് സ്ഥാപിച്ചിരിയ്ക്കുന്ന ഫെന്‍സിങ്ങിലേയ്ക്കാണ് കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്. കാട് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഫെന്‍സിങ്ങില്‍ പ്രസരണ നഷ്‌ടം ഉണ്ടാവുകയും ഉപയോഗ ശൂന്യമാവുകയും ചെയ്യുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചത്. ആകെ 2900 മീറ്റര്‍ പ്രദേശത്താണ് വേലി ഉള്ളത്. സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചതോടെ തമിഴ്‌നാട് വന മേഖലയില്‍ നിന്നുള്ള കാട്ടാന കൂട്ടങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് നിലച്ചിരിന്നു.
എന്നാല്‍ ഫെന്‍സിങ് സംരക്ഷിക്കാത്തതിനാല്‍ പ്രസരണ നഷ്‌ടമുണ്ടായി വേലിയിലൂടെയുള്ള വൈദ്യുതി പ്രസരണം കുറയുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതോടെ ആനയുടെ ശല്യം വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു. സോളാര്‍ വേലി സ്ഥാപിച്ചിരിയ്ക്കുന്ന പ്രദേശത്തെ സ്വകാര്യ സ്ഥലമുടമകള്‍ക്കാണ് സംരക്ഷണ ചുമതല. എന്നാല്‍ തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയിലൂടെ കടന്ന് പോകുന്ന വേലിയുടെ സംരക്ഷണം ഗ്രാമപഞ്ചായത്ത് ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ മേഖലയില്‍ നിന്നും നാട്ടുകാര്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചാല്‍ തമിഴ്‌നാട് വനംവകുപ്പ് കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവില്‍ ഫെന്‍സിങ് ഇല്ലാത്ത ഉടുമ്പന്‍ചോല പഞ്ചായത്തിലെ അതിര്‍ത്തി മേഖലകളില്‍ ഏതാനും ആഴ്‌ചകളായി കാട്ടാന കൂട്ടം തമ്പടിച്ചിട്ടുണ്ട്.