ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നു ; പരിഭ്രാന്തരായി യാത്രികര്‍ - റയില്‍വേ വാര്‍ത്തകള്‍
ചെന്നൈ : തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ചെന്നൈ-ബെംഗളൂരു എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിണ്ണമംഗലം കാട്‌പാഡിയിലാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ പാതി വഴിയില്‍ നിര്‍ത്തി.
എഞ്ചിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ ജീവനക്കാര്‍ അതിവേഗം തന്നെ തകരാര്‍ പരിഹരിച്ചു. നിര്‍ത്തി, 12 മിനിട്ടിന് ശേഷം ട്രെയിന്‍ യാത്ര തുടങ്ങി.
വിശദീകരണവുമായി റെയില്‍വേ : ട്രെയിനിന്‍റെ എഞ്ചിനിലുണ്ടായ തകരാറാണ് പുക ഉയരാന്‍ കാരണമെന്നും സംഭവത്തില്‍ യാത്രക്കാര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അടുത്തിടെയായി ഇന്ത്യയില്‍ നിരവധി ട്രെയിന്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓടുന്ന ട്രെയിനില്‍ നിന്ന് പെടുന്നനെ പുക ഉയര്‍ന്നത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കുകയും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്‌തെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.