Smartphone Explosion |ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ചു, തൃശൂരില്‍ വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - സ്‌മാർട് ഫോൺ
തൃശൂര്‍: സ്‌മാർട് ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്ന് വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. തൃശൂർ പട്ടിക്കാട് സിറ്റി ഗാർഡനിൽ കണ്ണീറ്റുകണ്ടത്തിൽ കെ.ജെ ജോസഫിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയിൽ കട്ടിലിനോട് ചേർന്നുള്ള മേശയിന്മേലാണ് ഫോൺ ചാർജ് ചെയ്യാൻ വെച്ചിരുന്നത്. ഫോൺ പൊട്ടിത്തെറിക്കുന്ന സമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. റിട്ടയേര്‍ഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടിൽ താമസിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ബാറ്ററി ചാർജ് കുറഞ്ഞതിനെ തുടർന്ന് ചാർജിലിട്ടിരുന്ന ഫോൺ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നുവെങ്കിലും കണക്ഷൻ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ഏഴുമാസം മുൻപ് പതിനായിരം രൂപയ്ക്ക് ഓൺലൈനില്‍ നിന്നാണ് ഷവോമി കമ്പനിയുടെ ഫോൺ ജോസഫ് വാങ്ങുന്നത്. പിന്നീട് അസാധാരണമായി ചൂട് വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തൃശൂരിലുള്ള കമ്പനിയുടെ സർവീസ് സെന്‍ററിൽ തന്നെ ഫോൺ സർവീസ് ചെയ്‌തിരുന്നു.