ടിഗ് നിധി തട്ടിപ്പ് : പണം നിക്ഷേപിച്ച കാലഘട്ടത്തില്‍ ഭാര്യ അവിടെ ജോലി ചെയ്‌തിട്ടില്ല : ടി സിദ്ദിഖ് - സിസ് ബാങ്ക് സാമ്പത്തിക തട്ടിപ്പ്
Published : Jan 19, 2024, 1:51 PM IST
കോഴിക്കോട്: ടിഗ് നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഭാര്യ ഷറഫുന്നീസയെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. പണം നിക്ഷേപിച്ചു എന്ന് പറയുന്ന കാലത്ത് ഭാര്യ അവിടെ ജോലി ചെയ്‌തിട്ടില്ല (T Siddique on Tig Nidhi Money Fraud ). 2022ല്‍ രാജിവച്ച ഒരാള്‍ക്കെതിരെ 2024ല്‍ കേസെടുത്തത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഭാര്യക്ക് സ്വകാര്യ ധനകാര്യ സ്ഥാപനമായ അവിടെ ജോലി ഓഫർ വന്നത് സുഹൃത്തുക്കൾ വഴിയാണ്. മാസങ്ങൾ മാത്രമാണ് അവിടെ ജോലിചെയ്‌തത്. ആ സ്ഥാപനത്തിന്‍റെ പോക്ക് ശരിയല്ലെന്ന് കണ്ടപ്പോഴാണ് 2022 ഡിസംബറിൽ ഭാര്യ അവിടെ നിന്ന് രാജിവച്ചതെന്നും സിദ്ദിഖ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതി നൽകാനുള്ള സാഹചര്യവും കേസ് എടുക്കാനുള്ള കാരണവും പരാതിക്കാരിയും പൊലീസും വ്യക്തമാക്കണം. വ്യക്തമാക്കാൻ ഇരുവര്‍ക്കും ധാർമിക ഉത്തരവാദിത്തമുണ്ട്. പരാതിക്കാരി മുൻ സിപിഎം കൗൺസിലറുടെ മകളാണെന്നും സിദ്ദിഖ് പറഞ്ഞു. ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്. സിസ് ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചിരുന്നു.