Shawarma Food Poison കാക്കനാട് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
Published : Oct 24, 2023, 9:05 AM IST
എറണാകുളം : കാക്കനാട് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ (Shawarma Food Poison). കോട്ടയം സ്വദേശിയായ രാഹുൽ ( 23) ആണ് ഗുരുതരാവസ്ഥയില്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചു. തൃക്കാക്കര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ കാക്കനാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഷവര്‍മ വാങ്ങി കഴിച്ചത്. ഓണ്‍ലൈനായി വാങ്ങിയാണ് കഴിച്ചത്. തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവിന്‍റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഭക്ഷ്യ സാംപിൾ ശേഖരിക്കും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്‌തു. ഭക്ഷ്യസുരക്ഷ വിഭാഗം വിശദമായ പരിശോധന നടത്തുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്‍ പറഞ്ഞു. നിലവിൽ യുവാവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വെന്‍റിലേറ്റിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.