ഗവര്‍ണര്‍ക്ക് ഇന്ന് പൊതുപരിപാടി, കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് വന്‍ സുരക്ഷയില്‍ ; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ - ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രതിഷേധം
Published : Dec 18, 2023, 7:16 AM IST
മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഇന്നും കനത്ത സുരക്ഷ ഒരുക്കാന്‍ പൊലീസ്. വൈകുന്നേരം മൂന്നരയ്‌ക്ക് നടക്കുന്ന പൊതുപരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയില്‍ സര്‍വകലാശാലയില്‍ നിന്നും മടങ്ങുന്നത് വരെ അനിഷ്‌ട സംഭവവികാസങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിക്കാനാണ് നീക്കം. ക്യാമ്പസിന്‍റെ മുഖ്യകവാടത്തിലും വിവിധ റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കും. ഗവര്‍ണര്‍ തിരികെ മടങ്ങുന്നത് വരെയാകും ഇവര്‍ക്ക് ഡ്യൂട്ടി. ഇന്നലെ രാത്രി ഏറെ വൈകിയും എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല ക്യാമ്പസില്‍ പൊലീസ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ നിന്നും ഒരു ഇഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്‌തു. പിഎം ആര്‍ഷോയുടെ നേതൃത്വത്തിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിക്കുകയും ചെയ്‌തിരുന്നു.