Security Breach In Cheruthoni Dam: ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്‌ച; ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Published : Sep 15, 2023, 9:28 AM IST
ഇടുക്കി: ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്‌ച (Security Breach In Cheruthoni Dam) ഉണ്ടാക്കിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു (suspension for police officers). അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. സുരക്ഷാചുമതലയുള്ള നമ്പർ 3ലെ നാല് പൊലീസ് ഉദ്യോഗസ്ഥരും പ്രവേശന കവാടത്തിലെ ബോംബ് സ്‌ക്വാഡിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുമുൾപ്പെടെ ആറ് പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശിയായ സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിൽ താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സുരക്ഷ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഡാമിന്‍റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. വിദേശത്തേക്ക് കടന്ന ഒറ്റപ്പാലം സ്വദേശിക്ക് വേണ്ടി പൊലീസ് ഉടൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. ബന്ധുക്കൾ വഴി ഇയാളെ തിരികെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും.