കാറ്റടിച്ചപ്പോൾ കെട്ടിടത്തിന്‍റെ ഗ്ലാസ് തകർന്ന് താഴേക്ക്; സ്‌കൂട്ടർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - അടൂർ സെൻട്രൽ ജംഗ്‌ഷൻ
പത്തനംതിട്ട :കെട്ടിടത്തിന്‍റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് സ്‌കൂട്ടർ യാത്രികർ. പത്തനംതിട്ട ജില്ലയിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകൾ ഭാഗത്തെ ചില്ലുകൾ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതേസമയം, ഇതുവഴി വന്ന സ്‌കൂട്ടർ യാത്രികർ ചില്ലുകൾ മുകളിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
അടൂർ സെൻട്രൽ ജംഗ്‌ഷന് സമീപമുള്ള കെട്ടിടത്തിന്‍റെ ചില്ലുകളാണ് തകർന്നുവീണത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് ഇന്നലെ വരെ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത എന്നായിരുന്നു കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.
ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊള്ളുന്ന ചൂടിൽ വേനൽ മഴ ആശ്വാസമാണെങ്കിലും ശക്തമായ മഴ മൂലമുണ്ടാകുന്ന ഇത്തരം അപകട സാഹചര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.