'ജിങ്കിള്‍ ബെല്‍സ് ജിങ്കിള്‍ ബെല്‍സ്'.. ക്രിസ്‌മസിന്‍റെ വരവറിയിച്ച് ക്രിസ്‌മസ് പാപ്പാമാർ നഗരത്തിൽ - x mas
Published : Dec 6, 2023, 10:09 PM IST
|Updated : Dec 6, 2023, 10:51 PM IST
കോട്ടയം: ക്രിസ്‌മസിന്‍റെ വരവറിയിച്ച് ക്രിസ്‌മസ് പാപ്പാമാർ നഗരത്തിൽ എത്തി. കോട്ടയം നഗരത്തിൽ 3000 ത്തോളം ക്രിസ്‌മസ് പാപ്പാമാർ ആശംസകളറിയിച്ച് വിളംബരയാത്രയിൽ പങ്കെടുത്തു (Christmas Proclamation rally). ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പാപ്പാമാരുടെ വിളംബര യാത്ര ഫ്ളാഗ് ഓഫ് ചെയ്‌തു. ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സാന്‍റാക്ലോസുകൾ (Santa Claus) നഗരത്തിലെത്തി. വിന്‍റേജ് കാറുകളിലും മറ്റു വാഹനങ്ങളിലും സാന്‍റകൾ ക്രിസ്‌മസ് ആശംസകൾ അറിയിച്ച് നഗരവീഥിയിൽ നിറഞ്ഞത് മനോഹര കാഴ്ച്ചയായി. കരോൾ പാട്ടിന് ചുവട് വച്ച് വഴിയിലിരുവശത്തും നിന്ന കാഴ്‌ചക്കാർക്ക് ആശംസകൾ നേർന്നും പാപ്പാമാർ കാഴ്‌ചക്കാരുടെ മനം കവർന്നു. തൃശൂരിലെ ബോൺ നത്താലെ എന്ന സംഘടനയാണ് ക്രിസ്‌മസ് വിളംബര യാത്ര കോട്ടയത്ത് സംഘടിപ്പിച്ചത്. കെ കെ റോഡിലൂടെ യാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു. ക്രൈസ്‌തവ സഭാധ്യക്ഷൻമാർ കേക്ക് മുറിച്ച് ക്രിസ്‌മസ് സന്ദേശം നൽകി. ഇത് മൂന്നാം തവണയാണ് സാന്‍റാക്ലോസുകൾ അണിനിരന്ന് ഒരു ക്രിസ്‌മസ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. സംഘാടകസമിതി ഭാരവാഹികളായ കാരിത്താസ് ആശുപത്രി ഡയറക്‌ടർ ഫാദർ ഡോ. ബിനു കുന്നത്ത്, ഫാ. മൈക്കിൾ വെട്ടിക്കാട്ട് , കെ ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ ക്രിസ്‌മസ് വിളംബര റാലിയിൽ അണിചേർന്നു.