സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയുടെ കൂട്ടാളി പിടിയില്‍
Published : Dec 17, 2023, 3:13 PM IST
തൃശ്ശൂര്‍ : സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രവീൺ റാണയുടെ കൂട്ടാളി പിടിയില്‍ ( Praveen Rana's accomplice in Safe and Strong investment fraud case arrested). ചാവക്കാട് പാലയൂര്‍ സ്വദേശിയായ സലിൽ കുമാറാണ് അറസ്റ്റിലായത്. തിരൂരിലെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സേഫ് & സ്ട്രോങ്ങ് ബിസിനസ് കണ്‍സള്‍ട്ടന്‍റ് പ്രെെവറ്റ് ലിമിറ്റഡ് , സേഫ് & സ്ട്രാേങ്ങ് നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്‌ടറായിരുന്നു സലില്‍ കുമാര്‍. തൃശ്ശൂർ സാമ്പത്തിക കുറ്റാന്വേഷ്‌ണ വിഭാഗം ഡി.വെെ.എസ്.പി സന്തോഷ് ടി ആറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ആളുകളിൽ നിന്ന് ഉയർന്ന റിട്ടേൺ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപങ്ങൾ സ്വീകരിച്ച് വഞ്ചിച്ചതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. പ്രതിക്കെതിരായി സംസ്ഥാനത്തുടനീളം 267 ഓളം കേസുകള്‍ നിലവിലുണ്ട്. ഹൈകോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തത്. നേരത്തെ പ്രവീൺ റാണ എറണാകുളത്ത് ഫ്ലാറ്റിൽ ഉണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം എത്തുമ്പോഴേക്കും റാണയെ അവിടെ നിന്നും രക്ഷപ്പെടാന്‍ സലീൽ സഹായിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍റ് ചെയ്‌തു.