കേരളം

kerala

sabarimala

ETV Bharat / videos

Sabarimala | കര്‍ക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു - ശബരിമല

By

Published : Jul 16, 2023, 11:04 PM IST

പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌ത ക്ഷേത്ര തിരുനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറന്നു. ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചു. രാജീവരരുടെ മകൻ കണ്‌ഠരര് ബ്രഹ്മദത്തനും അച്ഛനൊപ്പം ഉണ്ടായിരുന്നു. 

മേൽശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര നടകൾ തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരുകയായിരുന്നു. തുടര്‍ന്ന് തന്ത്രി കണ്‌ഠരര് രാജീവരരും കണ്‌ഠരര് ബ്രഹ്മദത്തനും മേൽശാന്തിയും അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്‌തു. മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു.

നട തുറന്ന ഇന്ന് ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ശേഷം രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടച്ചു. കര്‍ക്കടകം ഒന്നായ ജൂലൈ 17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം.

തുടര്‍ന്ന് നെയ്യഭിഷേകം ആരംഭിക്കും. 7.30ന് ഉഷപൂജയും 12.30ന് ഉച്ചപൂജയും നടക്കും. ജൂലൈ 17 മുതല്‍ 21 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കാണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്.

നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 21ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്‌ക്കും. നിറപുത്തരിപൂജകള്‍ക്കായി ക്ഷേത്രനട ഓഗസ്റ്റ് ഒൻപതിന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ആഗസ്റ്റ് 10ന് പുലര്‍ച്ചെയാണ് നിറപുത്തരി.

ABOUT THE AUTHOR

...view details