പൈങ്കുനി ഉത്ര മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി - ശബരിമല പൈങ്കുനി ഉത്ര മഹോത്സവം
പത്തനംതിട്ട:പൈങ്കുനിഉത്രം ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്ര സന്നിധിയിൽ ഇന്ന് ഉഷപൂജയ്ക്ക് ശേഷം ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി ക്രിയയും പൂജകളും നടന്നു. ശേഷം കൊടിയേറ്റ് നടത്തുവാനുള്ള കൊടിക്കൂറ, നമസ്‌കാര മണ്ഡപത്തിലും പിന്നീട് ക്ഷേത്ര ശ്രീകോവിലിനുള്ളിലും വച്ച് പൂജ ചെയ്‌തു.
കൊടിമര ചുവട്ടിലെ പൂജകൾക്ക് ശേഷം 9.45 നും 10.45 നും മധ്യേ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നടത്തി. പൈങ്കുനി ഉത്രം ഉത്സവ കൊടിയേറ്റ് കാണാൻ ശരണ മന്ത്രങ്ങളുമായി നൂറുകണക്കിന് അയ്യപ്പ ഭക്തർ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗം ജി സുന്ദരേശൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കൊടിയേറ്റിനു ശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിമരത്തിനു മുന്നിൽ ദീപാരാധനയും നടന്നു. രണ്ടാം ഉത്സവ ദിവസമായ നാളെ മുതൽ ഒൻപതാം ഉത്സവ ദിനമായ ഏപ്രിൽ 4 വരെ ഉത്സവബലി ഉണ്ടായിരിക്കും. അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റാനെത്തിയ വെളിനെല്ലൂർ മണികണ്‌ഠനെ കൊടിയേറ്റ് ദിനത്തിൽ തന്നെ സന്നിധാനത്ത് എത്തിച്ചിരുന്നു.
പൈങ്കുനി ഉത്ര മഹോത്സവം കൊടിയേറ്റ്:പൈങ്കുനി ഉത്ര മഹോത്സവത്തിന് ശബരീശ സന്നിധിയിൽ ഉയർത്തുവാനുള്ള കൊടിക്കൂറയും കൊടികയറും തിരുനടയിൽ സമർപ്പിച്ചത് ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതി പ്രവർത്തകരാണ്. ആചാരപരമായി കൊല്ലം ശക്തികുളങ്ങര അയ്യപ്പക്ഷേത്ര സന്നിധിയിൽ നിന്നുമാണ് കൊടിക്കൂറയും കൊടികയറുമായി കെട്ടുമുറുക്കി യാത്ര തിരിച്ച സംഘം ഞായറാഴ്‌ച വൈകിട്ട് 5 മണിയോടെ സന്നിധാനത്ത് എത്തി.
പതിനെട്ടാം പടി കയറി കൊടിക്കൂറയും കൊടിക്കയറും സോപാനത്ത് എത്തിച്ചു. ഇവിടെ വച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച് കൃഷ്‌ണ കുമാറിൻ്റെ നേതൃത്വത്തിലുളള ദേവസ്വം ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി തിരു നടയിൽ സമർപ്പിച്ചു. വാജിവാഹന രൂപം ആലേഖനം ചെയ്‌തതാണ് കൊടിക്കൂറ.