കേരളം

kerala

sabarimala

ETV Bharat / videos

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു, മെയ് 19 വരെ നട തുറന്നിരിക്കും - ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

By

Published : May 14, 2023, 10:56 PM IST

പത്തനംതിട്ട: ഇടവ മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്ര തിരുനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്‌ തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. തുടര്‍ന്ന് മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരുകയായിരുന്നു.

പിന്നാലെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം നല്‍കുകയും ചെയ്‌തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 

5.30 ന് മഹാഗണപതിഹോമം, തുടര്‍ന്ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ. 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ഭക്തര്‍ക്ക് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്‌ത്‌ ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ക്ഷേത്രതിരുനട മെയ് 19 ന് രാത്രി 10 മണിക്ക് അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി  ഹരിവരാസനം പാടി അടയ്ക്കും. മെയ് 29 ന് വൈകിട്ട് പ്രതിഷ്‌ഠാദിന പൂജകൾക്കായി തിരുനട വീണ്ടും തുറക്കും. 30 ന് ആണ് പ്രതിഷ്‌ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും

ABOUT THE AUTHOR

...view details