വാഹനങ്ങൾ കടത്തിവിട്ടില്ല; എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർഥാടകർ
Published : Dec 13, 2023, 9:37 AM IST
പത്തനംതിട്ട:എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്നലെ (ഡിസംബർ 12) രാത്രിയാണ് അന്യസംസ്ഥാന തീർഥാടകർ എരുമേലി റാന്നി പാത ഉപരോധിച്ച് പ്രതിഷേധിച്ചത് (Sabarimala Pilgrims blocked the road in Erumeli ). തീർഥാടക വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണം എന്നായിരുന്നു ഇവരുടെ ആവശ്യം. റോഡ് ഉപരോധിച്ച തീർഥാടകർ ഒരു വാഹനങ്ങൾ പോലും കടത്തിവിട്ടില്ല. പൊലീസ് സ്റ്റേഷന് സമീപത്താണ് തീർഥാടകർ റോഡ് ഉപരോധിച്ചത്.
പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് തീർഥാടകർ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം ശബരിമല തീർഥാടകർക്ക് ദർശനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുമെന്ന് ദേവസ്വം സ്പെഷൽ സെക്രട്ടറി എം ജി രാജമാണിക്യം അറിയിച്ചു (MG Rajamanikyam On Sabarimala Rush Crisis). കുസാറ്റില്‍ നടന്നതുപോലുള്ള അപകട സാധ്യതകളുടെ പശ്ചാത്തലത്തിൽ ശ്രദ്ധയോടെയാണ് പൊലീസ് തിരക്ക് കൈകാര്യം ചെയ്യുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ തിരക്കനുസരിച്ചാണ് ഭക്തരെ മുകളിലേക്ക് കടത്തി വിടുന്നതെന്നും തിരക്ക് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താന്‍ നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ക്രമീകരണങ്ങൾ വിശദീകരിച്ചത്.